കാസർകോട്: കാസർകോട് ജില്ലയില്‍ നവരാത്രി ആഘോഷം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് ക്ഷേത്രങ്ങള്‍ക്കുള്ളില്‍ മാത്രം ചടങ്ങുകളായി നടത്തുന്നതിന് അനുമതി നല്കാന് ജില്ലാ കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. കൊറക്കോട് ആര്യകാര്ത്ത്യായിനി ശ്രീ മഹാദേവി ക്ഷേത്രത്തില്‍ ഒക്ടോബര്‍ ഏഴ് മുതല്‍ 15 വരെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് നവരാത്രി ആഘോഷം നടത്താന്‍ അനുമതി തേടി മാനേജിംഗ് ട്രസ്റ്റി നല്കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സനായ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
ശാരീരീക വെല്ലുവിളി നേരിടുന്നവരുടെയും എസ്.ടി വിഭാഗക്കാരുടെയും ആദ്യ ഡോസ് കോവിഡ് വാക്സിനേഷന് 90 ശതമാനത്തില്‍ കൂടുതല്‍ പൂര്‍ത്തീകരിച്ചതായി ആര്.സി.എച്ച് ഓഫീസര്‍ അറിയിച്ചു. വാക്സിന് സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നവരെ ബോധവത്കരിച്ച് പൂര്‍ത്തീകരണത്തിന് നടപടി സ്വീകരിച്ചു വരുന്നു. ഈ വിഭാഗങ്ങളില്‍ രണ്ടാം ഡോസ് വാക്സിനേഷന് എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനും തീരുമാനിച്ചു.
കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ സ്ഥാപിക്കുന്ന ഓക്സിജന്‍ പ്ലാന്റിന്റെ സിവില്‍ പ്രവൃത്തി ഒക്ടോബര്‍ 15 നകം പൂര്‍ത്തീകരിക്കുമെന്ന് നിര്‍മ്മിതി കേന്ദ്ര അറിയിച്ചു. കളക്ടറേറ്റിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കുട്ടികള്‍ക്കുള്ള ബാഡ്മിന്റണ്‍ കോച്ചിംഗ് നടത്താന്‍ അനുമതി നല്കി. ജില്ലയിലെ കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ സി.എഫ്.എല്‍.ടി.സികള്‍ പ്രവര്‍ത്തിച്ചു വരുന്ന ഗുരുവനം കാഞ്ഞങ്ങാട്, അസാപ് കാസര്‍കോട് എന്നീ രണ്ട് കേന്ദ്രങ്ങളും മാതൃ വകുപ്പുകള്‍ക്ക് തിരിച്ചു നല്കാന് തീരുമാനിച്ചു. ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം വീണ്ടും ഉണ്ടായാല്‍ അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് കെട്ടിടം സി.എഫ്.എല്‍.ടി.സിക്കാനായി ഏറ്റെടുക്കും. മാഷ് ഡ്യൂട്ടിയില്‍ സേവനമനുഷ്ടിച്ച മുഴുവന്‍ അധ്യാപകര്‍ക്കും കേന്ദ്രീകൃതമായി സര്‍ട്ടിഫിക്കറ്റുകള്‍ നല്കാന് തീരുമാനിച്ചു. ഇതിനായി അധ്യാപകരുടെ പേര് വിവരങ്ങള്‍ മാഷ് നോഡല്‍ ഓഫീസര്‍ സമര്‍പ്പിക്കേണ്ടതാണ്.
യോഗത്തില്‍ സബ് കളക്ടര്‍ ഡി.ആര്. മേഘശ്രീ, എ.ഡി.എം എ.കെ. രമേന്ദ്രന്‍, ഡി.എം.ഒ ഇന്‍ ചാര്‍ജ് ഡോ. ഇ. മോഹനന്, ആര്.സി.എച്ച് ഓഫീസര്‍ ഡോ. എ.ടി. മനോജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.