കാസർകോട് ഇ.എം.എൽ കമ്പനി നവംബർ ഒന്നിന് പ്രവർത്തനം പുനരാരംഭിക്കും
കാസർകോട്: സംസ്ഥാന സർക്കാർ കേന്ദ്ര പൊതുമേഖലയിൽ നിന്നും ഏറ്റെടുത്ത കാസർകോട്ടെ ഇ.എം.എൽ കമ്പനി നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കമ്പനി സി.എം.ഡിയുമായ എ.പി.എം മുഹമ്മദ് ഹനീഷ് അറിയിച്ചു. കമ്പനി ഏറ്റെടുക്കലിന് ശേഷമുള്ള തുടർനടപടികളുടെ ഭാഗമായി കാസർകോട്ടെത്തിയ അദ്ദേഹം തൊഴിലാളി യൂനിയൻ നേതാക്കളുമായി ചർച്ച നടത്തി. ഇ.എം.എൽ കമ്പനിയുടെ നിലവിലുള്ള ബാധ്യതകൾ പരിഹരിക്കുന്നതിലും തൊഴിലാളികളുടെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളുടെ കാര്യത്തിലൂം വിശദമായ ചർച്ച നടന്നു. നിലവിൽ സർക്കാർ പ്രഖ്യാപിച്ച പാക്കേജ് ഉപയോഗിച്ച് ബാധ്യത പരിഹരിക്കുന്നതിനൊപ്പം പ്രവർത്തനമൂലധനം കണ്ടെത്താനും സാധിക്കും. കെല്ലിന്റെ ഉപ യൂനിറ്റായാണോ കെല്ലിന്റെ ഭാഗമായാണോ കമ്പനി പ്രവർത്തിക്കുകയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കമ്പനിയിൽ ആവശ്യമായ അറ്റകുറ്റപ്പണികളെല്ലാം വേഗത്തിൽ തീർക്കും. നവംബർ ഒന്നിന് തുടങ്ങി ഘട്ടം ഘട്ടമായി കമ്പനിയുടെ പ്രവർത്തനം പൂർണ തോതിലെത്തുമെന്നും മുഹമ്മദ് ഹനീഷ് വ്യക്തമാക്കി. തൊഴിലാളികളുടെ ശമ്പള കുടിശ്ശികയടക്കമുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാക്കാനായി ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. 15 ദിവസത്തിനകം ഇക്കാര്യത്തിൽ ഉപസമിതി തീരുമാനമെടുത്ത് റിപ്പോർട്ട് നൽകും.
സെപ്റ്റംബർ എട്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇ.എം.എൽ. കമ്പനിയുടെ ഏറ്റെടുക്കൽ പ്രഖ്യാപനം നടത്തിയത്. കമ്പനി പുനരുദ്ധാരണത്തിനുള്ള 43 കോടിയും 34 കോടി രൂപയുടെ ബാധ്യതയും ചേർത്ത് 77 കോടി രൂപ ചിലവഴിച്ചാണ് സ്ഥാപനം സർക്കാർ ഏറ്റെടുക്കുന്നതെന്നും കഴിഞ്ഞ രണ്ടു വർഷമായി തൊഴിലോ ശമ്പളമോ ഇല്ലാതെ കഷ്ടപ്പെടുന്ന ജീവനക്കാർക്ക് 14 കോടിയോളം രൂപയുടെ ശമ്പള കുടിശ്ശിക സർക്കാർ നൽകുമെന്നും ഏറ്റെടുക്കൽ വേളയിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. തുടർന്ന് സെപ്റ്റംബർ 16ന് വ്യവസായ മന്ത്രി പി. രാജീവും കെൽ അധികൃതരുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് കാസർകോട്ടെ തൊഴിലാളി യൂനിയൻ പ്രതിനിധികളുമായി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചർച്ച നടത്തിയത്.
ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, കെൽ എം.ഡി റിട്ട. കേണൽ ഷാജി വർഗീസ്, കാസർകോട് യൂനിറ്റ് മേധാവി ജോസി കുര്യാക്കോസ്, എച്ച്.ആർ മേധാവി വി.എസ്.സന്തോഷ്, ഭെൽ ഇ.എം.എൽ എം.ഡി ടി.എസ്. ചക്രവർത്തി, തൊഴിലാളി യൂനിയൻ പ്രതിനിധികളായ മുൻ എം.പി പി. കരുണാകരൻ, ടി.കെ. രാജൻ, കെ.പി. മുഹമ്മദ് അഷ്റഫ്, വാസുദേവൻ എ, കെ.ജി. സാബു, വി. രത്നാകരൻ, വി. പവിത്രൻ, ബേബി ടി.വി, അബ്ദുൽ റസാഖ് പി.എം എന്നിവരും ചർച്ചയിൽ പങ്കെടുത്തു.