കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ ഗുരുതരം, എല്ലാറ്റിനും കാരണം നേതാക്കളുടെ തമ്മിലടി, കേരളത്തിലെ പ്രശ്നങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് താരിഖ് അൻവറിന്റെ റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് പുനസംഘടന സുഗമമായി നടക്കണമെങ്കിൽ ആദ്യം മുതിർന്ന നേതാക്കളുടെ തമ്മിലടി പരിഹരിക്കണമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകി. സംസ്ഥാനത്ത് പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ ഗുരുതരമാണെന്നും എത്രയും വേഗം പരിഹാരം കാണമെന്നും റിപ്പോർട്ടിൽ പറയുന്നു. മുതിർന്ന നേതാക്കളുടെ ഇടയിൽ ആശയവിനിമയം വേണ്ട രീതിയിൽ നടക്കുന്നില്ലെന്നും അവർ തമ്മിലുള്ള അഭിപ്രായ ഭിന്നത മാറ്റുന്നതിനാണ് പ്റഥമ പരിഗണന നൽകുന്നതെന്നും താരിഖ് അൻവർ പറഞ്ഞു.അതേസമയം എ ഐ സി സിയിൽ നിന്നുമുള്ള വി എം സുധീരന്റെ രാജി ഇതു വരെയായും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും താരിഖ് അൻവർ സൂചിപ്പിച്ചു. സംസ്ഥാന നേതൃത്വത്തിനെതിരെ വ്യാപകമായ പരാതികള്‍ ഉയരുന്നത് സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.