വീട്ടമ്മയെ ഭർത്താവിന്റെ അനുജൻ പെട്രോളൊഴിച്ച് കത്തിച്ചു, പിടിയിലായ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
തിരുവനന്തപുരം: വീട്ടമ്മയെ ഭർത്താവിന്റെ അനുജൻ പെട്രോളൊഴിച്ച് കത്തിച്ചു. പോത്തൻകോട് കാവുവിളയിൽ ഇന്ന് രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം. അരയ്ക്കുതാഴെ ഗുരുതരമായി പൊളളലേറ്റ കാവുവിള തെറ്റിച്ചിറ വൃന്ദാ ഭവനിൽ വൃന്ദയെ(30) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതി സുബിൻ ലാലിനെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുടുംബ പ്രശ്നങ്ങളാണ് കൊടുംക്രൂരതയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. കുറച്ചുനാളായി വൃന്ദയും ഭർത്താവും പിണക്കത്തിലായിരുന്നു. വീടിന് സമീപത്തുള്ള ഒരു സ്ഥാപനത്തിൽ വൃന്ദ തയ്യൽ പഠിക്കാൻ പോകുന്നുണ്ടായിരുന്നു. അവിടെയെത്തിയാണ് സുബിൻ ലാൽ ആക്രമിച്ചത്. തുടർന്ന് കാറിൽ രക്ഷപ്പെട്ട സുബിൻ ലാലിനെ മുട്ടത്തറവച്ച് പൊലീസ് പിടികൂടുകയായിരുന്നു. അപ്പോഴാണ് അയാൾ വിഷം കഴിച്ചത്. വൃന്ദയുടെ നില അതീവ ഗുരുതരമാണെന്നാണ് പൊലീസ് പറയുന്നത്.