യുവാവിനെയും യുവതിയെയും നഗ്നയാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു; 60ഒാളം പേർക്കെതിരെ കേസ്
റാഞ്ചി: ഝാർഖണ്ഡിൽ യുവതിയെയും കാമുകനെയും നഗ്നയാക്കി ഗ്രാമത്തിലൂടെ നടത്തിച്ച് ഗ്രാമവാസികൾ. ധുംകയിലെ ബദ്ദല്ലി ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ ഗ്രാമത്തിലെ 60ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു.
ഒരേ ഗ്രാമത്തിൽനിന്നുള്ളവരാണ് യുവാവും യുവതിയും. ദിവസവേതനത്തിന് തൊഴിലെടുക്കുന്നവരാണ് ഇവരും. ചൊവ്വാഴ്ച യുവതിയെ കാണാനെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി മർദിക്കുകയും ബന്ധിയാക്കുകയുമായിരുന്നു.
തുടർന്ന് ഇരുവരെയും കയറുകൊണ്ട് ബന്ധിക്കുകയും ഗ്രാമത്തിലൂടെ ഒരു കിലോമീറ്ററോളം നടത്തിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ പൊലീസ് ഉടൻ സ്ഥലത്തെത്തി.
യുവതിയുടെ വിവാഹം കഴിഞ്ഞതാണ്. ഭർത്താവ് ഒരു വർഷത്തോളമായി സെൻട്രൽ ജയിലിലും. കൂലിത്തൊഴിലായതിനാൽ കഷ്ടപ്പെട്ടാണ് യുവതി കുടുംബം നോക്കിയിരുന്നത്. ജോലിക്കിടെയാണ് യുവാവുമായി പരിചയത്തിലാകുകയായിരുന്നു.
ചൊവ്വാഴ്ച യുവതിയെ കാണാനായി യുവാവ് വീട്ടിലെത്തിയതോടെയാണ് ദാരുണ സംഭവം അരങ്ങേറിയത്. യുവതിയെയും യുവാവിനെയും മർദിച്ച പ്രതികളെ തിരിച്ചറിഞ്ഞതായും നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.