സംസ്ഥാന ചലച്ചിത്ര അവാർഡ്; മത്സര രംഗത്ത് 80 ചിത്രങ്ങൾ, മികച്ച നടനാകാൻ ഫഹദും, ഇന്ദ്രൻസും, ജയസൂര്യയും ഉൾപ്പടെയുള്ള താരങ്ങൾ
2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഒക്ടോബർ രണ്ടാം വാരത്തോടെ പ്രഖ്യാപിക്കും. വെള്ളം, കപ്പേള, ഒരിലത്തണലിൽ, സൂഫിയും സുജാതയും, ആണും പെണ്ണും,കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സാജൻ ബേക്കറി,സീ യൂ സൂൺ തുടങ്ങി എൺപത് ചിത്രങ്ങളാണ് മത്സര രംഗത്തുള്ളത്.സംവിധായകരായ സിദ്ധാർഥ് ശിവ, മഹേഷ് നാരായൺ, ജിയോ ബേബി, അശോക് ആർ. നാഥ്, സിദ്ദിഖ് പറവൂർ, ഡോൺ പാലത്തറ എന്നിവരുടെ രണ്ട് സിനിമകൾ വീതം മത്സര രംഗത്തുണ്ട്. ചിത്രങ്ങൾ രണ്ടു പ്രാഥമിക ജൂറികൾ കണ്ട് വിലയിരുത്തും. രണ്ടാം റൗണ്ടിലേക്ക് പ്രാഥമിക ജൂറികൾ നിർദേശിക്കുന്ന ചിത്രങ്ങളിൽ നിന്നായിരിക്കും അന്തിമ ജൂറി അവാർഡ് നിശ്ചയിക്കുക.ആദ്യമായിട്ടാണ് ദേശീയ മാതൃകയിൽ രണ്ട് തരം ജൂറികൾ സംസ്ഥാന ചലച്ചിത്ര അവാർഡിൽ ഏർപ്പെടുത്തുന്നത്. നടി സുഹാസിനിയാണ് അന്തിമ ജൂറി അദ്ധ്യക്ഷ.സംവിധായകൻ ഭദ്രൻ, കന്നഡ സംവിധായകൻ പി.ശേഷാദ്രി എന്നിവർ പ്രാഥമിക ജൂറി അദ്ധ്യക്ഷന്മാരാകും.മികച്ച നടൻ, നടി
മികച്ച നടനാകാൻ ബിജു മേനോൻ( അയ്യപ്പനും കോശിയും), ഫഹദ് ഫാസിൽ(മാലിക്, ട്രാൻസ്), ജയസൂര്യ(വെള്ളം,സണ്ണി), ഇന്ദ്രൻസ് (വേലുക്കാക്ക ഒപ്പ് കാ), സുരാജ് വെഞ്ഞാറമ്മൂട്(ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ),ടൊവിനോ തോമസ് (കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, ഫോറൻസിക്) എന്നിവരാണ് മത്സരിക്കുന്നത്.ശോഭന (വരനെ ആവശ്യമുണ്ട്), അന്നാ ബെൻ(കപ്പേള)നിമിഷ സജയൻ(ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ), പാർവതി തിരുവോത്ത്(വർത്തമാനം), സംയുക്ത മേനോൻ(വെള്ളം, വൂൾഫ്) തുടങ്ങിയവരുടെ പേരുകളാണ് മികച്ച നടിയ്ക്കുള്ള പട്ടികയിലുള്ളത്.അയ്യപ്പനും കോശിയും’എന്ന സിനിമയുടെ സംവിധായകനായ സച്ചിദാനന്ദന് മികച്ച സംവിധായകനും, തിരക്കഥയ്ക്കുമുള്ള അവാർഡ് ലഭിക്കാൻ സാദ്ധ്യതയുണ്ട്. അങ്ങനെ ലഭിച്ചാൽ മരണാനന്തര ബഹുമതി ആയിരിക്കും.