രണ്ട് ലക്ഷത്തിന്റെ ബില്ല് അടച്ചിരുന്ന താൻ പത്ത് ലക്ഷം രൂപക്കു വേണ്ടി എന്തിന് ഒത്തുകളിക്കണം? കൂടുതൽ വെളിപ്പെടുത്തലുമായി ശ്രീശാന്ത്
കൊച്ചി: തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിന് അന്ത്യം കുറിച്ച ഒത്തുകളി വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ശ്രീശാന്ത്. ഒരു ദേശീയ സ്പോർട്സ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീശാന്ത് മനസ് തുറന്നത്. പത്ത് ലക്ഷം രൂപയ്ക്കു വേണ്ടി താൻ ഒരിക്കലും ഒത്തുകളിക്ക് കൂട്ടുനിൽക്കില്ലെന്ന് ശ്രീശാന്ത് പറഞ്ഞു.ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി കളിക്കുന്നതിനിടെ 2013ലാണ് ശ്രീശാന്തിനെ ഒത്തുകളി ആരോപിച്ച് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് 2015ൽ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും 2019ൽ മാത്രമാണ് ബി സി സി ഐയുടെ ആജീവനാന്തവിലക്ക് സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് റദ്ദാക്കുന്നത്. പിടിയിലായ അന്ന് മുതൽ താൻ കുറ്രകാരനല്ലെന്ന് ശ്രീശാന്ത് ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു.ഒത്തുകളിക്ക് പിടിയിലാകുന്ന കാലഘട്ടത്തിൽ ഒരു പാർട്ടി നടത്തുന്നതിന് പോലും കുറഞ്ഞത് രണ്ട് ലക്ഷം രൂപ ചിലവഴിക്കാറുണ്ടായിരുന്നെന്നും അങ്ങനെയുള്ള താൻ വെറും പത്ത് ലക്ഷം രൂപയ്ക്ക് വേണ്ടി ഒത്തുകളിച്ചുവെന്ന് പറയുന്നത് വിശ്വസനീയമാണോ എന്ന് ശ്രീശാന്ത് ചോദിച്ചു. അന്ന് തന്റെ ബില്ലുകൾ എല്ലാം കാർഡ് വഴിയായിരുന്നു അടച്ചിരുന്നതെന്നും എല്ലാത്തിനും തെളിവുകളുണ്ടെന്നും ശ്രീശാന്ത് സൂചിപ്പിച്ചു.ഒരു നിശ്ചിത ഓവറിൽ 14ൽ കൂടുതൽ റൺ വിട്ടുനൽകാം എന്നതായിരുന്നു കരാർ എന്നാണ് പൊലീസ് പറയുന്നത്. ഒത്തുകളിച്ചുവെന്ന് പൊലീസ് പറഞ്ഞ ഓവറിലെ ആദ്യത്തെ നാല് പന്തിൽ വിട്ടുകൊടുത്തത് വെറും അഞ്ച് റൺ ആയിരുന്നുവെന്ന് ശ്രീശാന്ത് പറഞ്ഞു. ആ ഓവറിൽ താൻ ഒരു നോ ബോളോ വൈഡോ പോലും എറിഞ്ഞിരുന്നില്ലെന്നും ശസ്ത്രക്രിയക്കു ശേഷം മടങ്ങി വന്ന താൻ എല്ലാ പന്തും 130നു മേലെ വേഗത്തിലായിരുന്നു എറിഞ്ഞതെന്നും ശ്രീശാന്ത് പറഞ്ഞു.ഐ പി എല്ലിനു തൊട്ടുമുമ്പ് നടന്ന ഇറാനി ട്രോഫിയിലെ മികച്ച പ്രകടനത്തിനു ശേഷം ഇന്ത്യൻ ടീമിലേക്കുള്ള വിളിയും കാത്ത് നിന്ന താൻ ഒത്തുകളിക്ക് ഒരിക്കലും കൂട്ടുനിൽക്കില്ലായിരുന്നെന്നും ശ്രീശാന്ത് വ്യക്തമാക്കി.