കോണ്‍ഗ്രസിനല്ലാതെ മറ്റൊരു പാര്‍ട്ടിയ്ക്കും പ്രതിപക്ഷത്തെ നയിക്കാനാവില്ലെന്ന് കനയ്യ കുമാര്‍
കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഷഹീദ്-ഇ-അസം ഭഗത് സിംഗ് പാർക്കിൽ ഭഗത് സിംഗിന് പുഷ്പാർച്ചന നടത്തി രാഹുൽഗാന്ധിയോടൊപ്പം കോൺഗ്രസിലേക്ക് കൈ പിടിച്ച് കയറി മുൻ സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്തിൽ നിന്നുളള സ്വതന്ത്ര എംഎൽഎയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയും. ശേഷം എഐസിസി ആസ്ഥാനത്തെത്തിയ ഇരുവരെയും പാർട്ടിയിലേക്ക് സംഘടനാ ചുതലയുളള എഐസിസി സെക്രട്ടറി കെ.സി വേണുഗോപാൽ, കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർഛേവാല എന്നിവർ ചേർന്ന് സ്വാഗതം ചെയ്തു.കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തവർക്ക് നന്ദിയുണ്ടെന്ന് പറഞ്ഞ കനയ്യ കുമാർ കോൺഗ്രസിനല്ലാതെ മറ്റൊരു പാർട്ടിക്കും പ്രതിപക്ഷത്തെ നയിക്കാനാകില്ലെന്ന് അഭിപ്രായപ്പെട്ടു. ഭഗത്സിംഗിന്റെ രക്തസാക്ഷിത്വ ദിനമായ ഇന്ന് ചരിത്ര ദിനമാണ്. കോൺഗ്രസ് ഭഗത് സിംഗിന്റെ ധൈര്യം ഉയർത്തിപ്പിടിത്തുന്ന പാർട്ടിയാണെന്ന് കനയ്യ കുമാർ പറഞ്ഞു. ഗാന്ധിജിയുടെ സ്വപ്നവും അംബേദ്കറുടെ മൂല്യങ്ങളുമാണ് കോൺഗ്രസിന്റെ അടിസ്ഥാനമെന്നും കനയ്യ പറഞ്ഞു.അതേസമയം കനയ്യയുടെത് കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുളള വഞ്ചനയാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. ആളുകൾ വരികയും വഞ്ചിച്ച് പോകുകയും ചെയ്യുന്നു. വ്യക്തിപരമായ പേരിലായിരുന്നു കനയ്യയുടെ രാജിയെന്നും രാജ അറിയിച്ചു.