ഹരിതയുടെ മുന്‍ ഭാരവാഹികള്‍ ഉത്തരം താങ്ങുന്ന പല്ലികള്‍ പി.എം. എ സലാം
കോഴിക്കോട്: ഹരിതയുടെ മുന്‍ ഭാരവാഹികള്‍ ഉത്തരം താങ്ങുന്ന പല്ലികളാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. അവരാണ് ലീഗിനെ താങ്ങിനിര്‍ത്തുന്നതെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ പുതിയ ഹരിത കമ്മിറ്റിയെന്ന ലീഗിന്റെ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം നൂറ് ശതമാനം ശരിയാണ് എന്നാണ് ഇന്നത്തെ പരിപാടിയില്‍ നിന്നും വ്യക്തമാവുന്നതെന്നും പി.എം.എ സലാം പറഞ്ഞു.
പുതിയ ഹരിത കമ്മിറ്റി സംഘടിപ്പിച്ച ആദ്യ പരിപാടിയായ സി.എച്ച് സെമിനാറില്‍ സംസാരിക്കുകയായിരുന്നു സലാം. വിശ്വാസത്തിന്റെ രാഷ്ട്രീയം തന്നെയാണ് ലീഗ് മുന്നോട്ട് വെക്കുന്നത്. അതിനെ ഊന്നി തന്നെയാണ് ലീഗിനുള്ളിലെ ഓരോ സംഘടനയുടേയും പ്രവര്‍ത്തനം. ഒരു സംഘടനയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. പക്ഷെ അതൊരു തീരുമാനത്തിലെത്തിയാല്‍ അതാവണം പാര്‍ട്ടിയുടെ അവസാന തീരുമാനം. അതല്ലാതെ നേതാക്കളല്ല രണ്ട് മൂന്നാളുകളുടെ ഈഗോയാണ് വലുതെന്ന് ചിന്തിച്ച് പ്രവര്ത്തിക്കുന്നവരുടേതല്ല പാര്‍ട്ടിയെന്നും സലാം പറഞ്ഞു.
പാര്‍ട്ടി തീരുമാനം അംഗീകരിക്കാതിരിക്കുന്നവർ പാര്‍ട്ടിയില്‍ ഉറച്ച് നില്ക്കും എന്ന് എങ്ങനെയാണ് പറയാന്‍ കഴിയുക. ഒരു സംഘടനയില്‍ നില്ക്കുമ്പോള് നേതാക്കളെ ബഹുമാനിക്കണമെന്നും സലാം പറഞ്ഞു.