കണ്ണൂർ ജയിലിലേക്ക് മാറ്റണം; കൊടി സുനി ജയിലിൽ നിരാഹാര സമരത്തിൽ
തിരുവനന്തപുരം: ടി.പി വധക്കേസ് പ്രതിപ്പട്ടികയിലുള്ള കൊടി സുനി വിയൂർ ജയിലിൽ നിരാഹാര സമരത്തിൽ. തന്നെ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കൊടി സുനി നിരാഹാര സമരത്തിൽ ഏർപ്പെട്ടിരിക്കുന്നത്. നേരത്തേ വിയൂർ ജയിലിൽ തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് സുനി പരാതി നൽകിയിരുന്നു. കേസിൽ ക്രൈബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.
എന്നാൽ, വധഭീഷണിയുണ്ടെന്ന പരാതി വ്യാജമാണെന്നും കണ്ണൂർ ജയിലിലേക്ക് മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പരാതിയെന്നും നേരത്തേ പൊലീസ് വിലയിരുത്തിയിരുന്നു. തന്നെ ചിലർ വധിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പേരെടുത്ത് പറഞ്ഞാണ് കൊടി സുനി പരാതി നൽകിയിരുന്നത്. സുനിയുടെ പരാത്രിപ്രകാരം, ചൂണ്ടിക്കാട്ടിയ ആളെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. എങ്കിലും സുരക്ഷ തുടരുന്നുണ്ട്.
വിയ്യൂർ ജിയിലിൽ മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്ന് കൊടി സുനിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയിരുന്നു. ഇവിടെ സുനിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുനിയെ പാർപ്പിച്ചിരിക്കുന്ന സെൽ 24 മണിക്കൂറും പൂട്ടിയിടും. കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഫോൺ ഉപയോഗിക്കാൻ സാധിക്കില്ല എന്ന് മാത്രമല്ല, സഹതടവുകാരുമായി ബന്ധപ്പെടാൻ കഴിയാത്ത രീതിയിലാണ് സുരക്ഷ.
വിയ്യൂരില്‍ സുനിയുടെ കൈയിൽ നിന്നു മൊബൈല്‍ ഫോണ്‍ പിടികൂടുകയും കോവിഡ് കാലത്ത് ഒട്ടുമിക്ക തടവുകാര്‍ക്കും ലഭിച്ച പ്രത്യേക പരോൾ ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് കണ്ണൂർ ജയിലിലേക്ക് മാറാന്‍ സുനി ശ്രമം തുടങ്ങിയതെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു.