തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഗവര്‍ണറുടെ ഓഫീസ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സമര്‍പ്പിച്ചു.
ഗവര്‍ണറുടെ അനുമതിയില്ലാതെ സാങ്കേതിക സര്‍വകലാശാല അദാലത്തില്‍ മന്ത്രി പങ്കെടുത്തത് തെറ്റാണ്. തോറ്റ വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസ് മൂന്നാമതും മൂല്യനിര്‍ണ്ണയം നടത്താനുള്ള തീരുമാനം വി.സി. അംഗീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.മന്ത്രി ഇടപ്പെട്ടാണ് മൂന്നാമതും മൂല്യം നിര്‍ണയം നടത്തിയത്. ഇത് അധികാര ദുര്‍വിനിയോഗമാണ്. ബിടെക് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസുകള്‍ മൂന്നാംതവണയും മൂല്യനിര്‍ണയം നടത്തുന്നത് സര്‍വകലാശലയുടെ ഒരു ചട്ടങ്ങളിലുമില്ല.
അദാലത്തില്‍ മന്ത്രി ഇത്തരത്തില്‍ ഒരു നിര്‍ദേശം നല്‍കിയത് അധികാര ദുര്‍വിനിയോഗമാണ്. ചട്ടവിരുദ്ധമായ ഈ കാര്യം വി.സി.അംഗീകരിക്കാനും പാടില്ലായിരുന്നു. ഇക്കാര്യത്തില്‍ വൈസ് ചാന്‍സലര്‍ നല്കിയ വിശദീകരണം തള്ളിക്കളയണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.ഈ റിപ്പോര്‍ട്ട് ഗവര്‍ണര്‍ പരിശോധിച്ച് വരികയാണ്. ഇതിന് ശേഷം ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്ന് രാജ്ഭവന് അറിയിച്ചു.