യൂട്യൂബ് വീഡിയോ കണ്ട് ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമം: ഗുരുതരാവസ്ഥയിലായ 25കാരി ആശുപത്രിയില്‍;
കാമുകന് അറസ്റ്റില്‍
മുംബൈ: മഹാരാഷ്ട്രയിൽ ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാൻ സ്വയം ശ്രമം നടത്തി ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ യുവതിയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. നാഗ്പൂരിലെ യശോദാനഗർ പ്രദേശത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
യൂട്യൂബ് വീഡിയോകൾ കണ്ട് അതുപോലെ ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചതോടെ 25കാരിയായ യുവതിയുടെ നില വഷളാകുകയായിരുന്നു. വിവരമറിഞ്ഞ കുടുംബാംഗങ്ങൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചു.
ഷുഹൈബ് ഖാൻ എന്ന 30കാരനുമായി 2016 മുതൽ യുവതി അടുപ്പത്തിലാണ്. യുവതിക്ക് വിവാഹ വാഗ്ദാനവും ഖാൻ നൽകിയിരുന്നു. എന്നാൽ ഗർഭിണിയായ വിവരം അറിയിച്ചപ്പോൾ അലസിപ്പിക്കാൻ ഖാൻ ആവശ്യപ്പെട്ടു. ഇതിനായി യൂട്യൂബ് വീഡിയോകൾ കാണാനും ഖാൻ നിർദേശിച്ചു.
ഇതിന്റെ ഭാഗമായി നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് യുവതിയുടെ ആരോഗ്യനില വഷളായത്. വിവരമറിഞ്ഞെത്തിയ പോലീസ് യുവതിയുടെ മൊഴിപ്രകാരം ഷുഹൈബ് ഖാനെ അറസ്റ്റ് ചെയ്തു.