ഇന്റർനെറ്റിൽ അശ്ലീല വീഡിയോ തിരഞ്ഞവരെ കൂട്ടമായി പൊക്കി പൊലീസ് .കൂട്ടത്തിൽ എം ബി എക്കാർ മുതൽ വഴിയോര കച്ചവടക്കാർ വരെ
കൊല്ലം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഇന്റർനെറ്റിൽ തിരഞ്ഞവർക്കും പങ്കുവച്ചവർക്കുമെതിരെ ‘ഓപ്പറേഷൻ പി ഹണ്ട്’ എന്ന പേരിൽ സിറ്റി സൈബർ സെല്ലും സിറ്റി സൈബർ ക്രൈം പൊലീസും നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ഡസ്ക്ടോപ്പ് തുടങ്ങി 25 ഉപകരണങ്ങൾ പിടച്ചെടുത്തു. ഇവ കോടതിയിൽ ഹാജരാക്കി ഫോറൻസിക് പരിശോധനയ്ക്ക് ലാബിലേക്കയച്ചു.21 കേന്ദ്രങ്ങളിലായിരുന്നു പരിശോധന.കൊല്ലം സിറ്റി പരിധിയിൽപ്പെട്ട ഇരവിപുരം, കൊല്ലം വെസ്റ്റ്, ശക്തികുളങ്ങര, കൊട്ടിയം ചാത്തന്നൂർ എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ ഓരോ ഇടങ്ങളിലും കൊല്ലം ഈസ്റ്റ്, പരവൂർ എന്നിവിടങ്ങളിൽ മൂന്നിടങ്ങളിലും കിളികൊല്ലൂർ, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ അഞ്ചിടങ്ങളിലുമാണ് പരിശോധന നടന്നത്. സൈബറിടങ്ങളിൽ കുട്ടികളെ സംബന്ധിച്ച അശ്ലീലം തിരഞ്ഞവരാണ് പൊലീസ് നടപടിക്ക് വിധേയരായത്. ജില്ലാ സൈബർ വിഭാഗം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പരിശോധനകൾ നടത്തിയത്. എം.ബി.എക്കാർ, വിദ്യാർത്ഥികൾ, പ്ലംബർമാർ, ഹോട്ടൽ ജീവനക്കാർ, ഇലക്ട്രിഷ്യൻ, മേസ്തിരി പണിക്കാർ, സൂപ്പർ മാർക്കറ്റ് ജീവനക്കാർ, വെൽഡിംഗ് തൊഴിലാളി, വഴിയോര കച്ചവടക്കാർ എന്നിവരാണ് പ്രധാനമായും കുട്ടികളുടെ നഗ്നചിത്രങ്ങളും മറ്റും പ്രചരിപ്പിച്ചത്. ഫോറൻസിക് പരിശോധന ഫലം വന്നശേഷം അറസ്റ്റുകൾ ഉണ്ടാവുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ അറിയിച്ചു. സ്റ്റേഷനും സംയുക്തമായാണ് പരിശോധനകൾ നടത്തിയത്.