വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന കേസ്: യുവാവ് അറസ്റ്റിൽ
തൊടുപുഴ: വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന കേസിൽ വണ്ണപ്പുറം പാമ്പ്തൂക്കി മാക്കൽ നിസാർ (40) അറസ്റ്റിൽ. കോണ്‍ഗ്രസ് കുമാരമംഗലം മണ്ഡലം പ്രസിഡൻറ് നരിക്കുഴിയില്‍ അഡ്വ. സെബാസ്റ്റിൻ മാത്യുവിെൻറ വീട്ടിൽനിന്ന് ശനിയാഴ്ച രാത്രി 10,000 രൂപയും ഏഴുപവന്‍ സ്വര്‍ണവുമാണ് മോഷ്ടിച്ചത്.
വീട്ടില്‍നിന്ന് ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ രണ്ട് മോതിരം, ഒരുജോഡി കമ്മൽ, ഒരു മാല, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വാതിൽ കുത്തിപ്പൊളിക്കാൻ ഉപയോഗിച്ച ഇരുമ്പ് ബാറും കണ്ടെടുത്തു.
ശനിയാഴ്ച രാത്രി സെബാസ്റ്റ്യൻ വീട്ടിൽ എത്തുേമ്പാഴാണ് മോഷണവിവരം അറിയുന്നത്. മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. മോഷണത്തിനുശേഷം നിസാർ സി.സി ടി.വിയുടെ മോനിറ്ററും എടുത്തുകൊണ്ടപോയി. ഇത് പുഴയിൽ എറിഞ്ഞുകളഞ്ഞതായി ഇയാൾ പൊലീസിനോട് പറഞ്ഞു. നിസാറിനെതിരെ തൊടുപുഴ സ്റ്റേഷനിൽ വീട് കവർച്ചയുമായി ബന്ധപ്പെട്ട് നിരവധി കേസുകളുണ്ട്. വാഹനങ്ങളിൽ കറങ്ങി ആളില്ലാത്ത വീടുകൾ കണ്ടുവെച്ച് രാത്രി മോഷണത്തിന് കയറുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.