കൊച്ചി : കോതമംഗലം ചെറിയപള്ളി ജില്ലാ കലക്ടര്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പള്ളി വികാരി ഫാ. തോമസ് പോള്‍ റമ്പാന് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് പി ബി സുരേഷ് കുമാറിന്റെ ഉത്തരവ്. പള്ളി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് സമാധാന അന്തരീക്ഷം ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ ക്രിമിനല്‍ നടപടി ചട്ടങ്ങളിലെ 10ാം അധ്യായം പ്രകാരമുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്ന് ഉത്തരവ് പറയുന്നു. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ സായുധ പൊലീസിനെ വിന്യസിക്കാമെന്നാണ് ഈ അധ്യായം പറയുന്നത്. പള്ളിക്ക് അകത്ത് കുത്തിയിരിക്കുന്നവരെ ഒഴിവാക്കിയ ശേഷം ഉചിതമായ സമയത്ത് ഉചിതമായ രീതിയില്‍ പള്ളിയും സ്വത്ത് വകകളുടെയും നിയന്ത്രണം കലക്ടര്‍ ഏറ്റെടുക്കണം. ഓര്‍ത്തഡോക്സ് വിഭാഗം വികാരിക്ക് മതാചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടെന്ന് ബോധ്യപ്പെടുമ്പോള്‍ പള്ളിയുടെ നിയന്ത്രണം അവര്‍ക്ക് കൈമാറണം. ഇടവകക്കാരില്‍ ആരെങ്കിലും മരണമടഞ്ഞാല്‍ സംസ്കാര ചടങ്ങുകള്‍ നടത്തുന്നതില്‍ വികാരിക്ക് തടസമില്ല.
പ്രദേശത്ത് ക്രമസമാധാന പ്രശ്നമുണ്ടെങ്കില്‍ പൊലീസ് ഉത്തരവാദികളെ അറസ്റ്റ് ചെയ്ത് നീക്കണം. പള്ളിയിലും പരിസരങ്ങളിലും സമാധാനാന്തരീക്ഷം ഉറപ്പാക്കാനും വികാരിക്ക് സമാധാനപരമായി മതാചാരങ്ങള്‍ നടത്താനും മതിയായ പൊലീസിനെ വിന്യസിക്കണമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി. തോമസ് പോള്‍ റമ്പാന് പുരോഹിതനായി തുടരാന്‍ വേണ്ട യോഗ്യതയില്ലെന്ന മനോളിന് കുഞ്ഞച്ചന് എന്നയാളുടെ വാദത്തില്‍ തീരുമാനമൊന്നും പറയുന്നില്ല. ഇക്കാര്യത്തില്‍ ഹൈക്കോടതിയല്ല ഇപ്പോള്‍ തീരുമാനം പറയേണ്ടതെന്നും വിധി പറയുന്നു.
പള്ളിക്കേസുകളിലെ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് 2018ല്‍ റമ്പാന് മൂവാറ്റുപുഴ മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. യാക്കോബായ വിഭാഗത്തില്‍ ഉള്‍പ്പെട്ട എട്ടു പേരെയും അഞ്ചു പുരോഹിതരെയും പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയണമെന്നും ആവശ്യപ്പെട്ടു. യാക്കോബായ വിഭാഗക്കാരെ തടഞ്ഞ് മുന്‍സിഫ് കോടതി ഇടക്കാല ഉത്തരവിറക്കി. ഓര്‍ത്തഡോക്സ് വിഭാഗം നല്കിയ പ്രത്യേക അപേക്ഷയില്‍ പൊലീസ് സംരക്ഷണത്തിനും നിര്‍ദേശിച്ചു. ഇതിനെ ചോദ്യം ചെയ്ത് യാക്കോബായ വിഭാഗക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതിന് ശേഷം പള്ളിയില്‍ പ്രവേശിക്കാന്‍ പോയപ്പോള്‍ പോലീസ് മതിയായ സംരക്ഷണം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റമ്പാന് ഹൈക്കോടതിയെ സമീപിച്ചത്. വിധി നടപ്പാക്കുകയാണെങ്കില്‍ വിശുദ്ധ സ്ഥലമായ പള്ളിയില്‍ കണ്ണീര് വാതകം ഉപയോഗിക്കേണ്ട് വരുമെന്നും വെടിവെപ്പിലേക്കും നയിച്ചേക്കുമെന്നും കൂടുതല്‍ സമയം വേണമെന്നും പൊലീസ് വാദിച്ചു. ഈ വാദങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. തുടര്‍ന്നാണ് ഹര്‍ജി അനുവദിച്ച് ഉത്തരവായത്.