ഇ-ബൈക്കും സൈക്കിളും ഇനി കെഎസ്ആര്‍ടിസി ബസ്സില്‍ കൊണ്ടുപോകാം; ടിക്കറ്റ് നിരക്കും കുറയും;
നവംബര്‍ ഒന്നുമുതല്‍ പദ്ധതി കേരളത്തില്‍ നടപ്പിലാക്കും
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ സൈക്കിളുകളും ഇലക്ട്രിക് സ്കൂട്ടറുകളും കൊണ്ടുപോകാനുള്ള സൗകര്യമൊരുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ലോ ഫ്ലോര്‍ ബസുകളിലും ബെംഗളൂരുവിലേക്കുള്ള സ്കാനിയ, വോള്‍വോ ബസുകളിലും സൈക്കിളുകളും ഇലക്ട്രിക് സ്കൂട്ടറുകളും കൊണ്ടു പോകാനുള്ള സൗകര്യമൊരുക്കുമെന്നാണ് മന്ത്രി അറിയിച്ചത്. നവംബര്‍ ഒന്നു മുതല്‍ ഈ സംവിധാനം നിലവില്‍ വരും.
ഒരു നിശ്ചിത തുക ഈടാക്കിയിട്ടായിരിക്കും ഇത്തരത്തില്‍ സൈക്കിളുകളും ഇലക്ട്രിക് സ്കൂട്ടറുകളും കൊണ്ടു പോകാന്‍ സാധിക്കുക.
ഒക്ടോബര്‍ ഒന്ന് മുതല്‍ കോവിഡ് മുമ്പുള്ള നിരക്ക്
അതേസമയം കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്കും കുറക്കുമെന്ന് മന്ത്രി പറഞ്ഞു. അടുത്ത മാസം മുതല്‍ കെഎസ്ആര്‍ടിസിയിലെ കുറച്ച നിരക്ക് പ്രാബല്യത്തില്‍ വരും. കോവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കായിരിക്കും ഈടാക്കുക. കോവിഡ് പ്രതിസന്ധിയോടെ ടിക്കറ്റ് നിരക്കുകളില്‍ വര്‍ധനവ് ഉണ്ടായിരുന്നു. ഒക്ടോബര്‍ ഒന്നു മുതലായിരിക്കും ഇതും പ്രാബല്യത്തില്‍ വരുക എന്നും മന്ത്രി പറഞ്ഞു.
അതേസമയം ബസ് ചാര്‍ജ്ജ് കൂട്ടണമെന്ന് ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.