മോന്‍സണുമായി ബന്ധമുണ്ട്, പരാതികള്‍ അടിസ്ഥാന രഹിതം; പിന്നില്‍ കറുത്ത ശക്തി കെ.സുധാകരന്
കണ്ണൂര്‍: മോന്സണ് മാവുങ്കലിനെതിരായ തട്ടിപ്പ് കേസിലെ ആരോപണങ്ങള്‍ നിഷേധിച്ച് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്. പരാതി അടിസ്ഥാന രഹിതമാണെന്നും സംഭവത്തില്‍ ഒരു തരത്തിലുള്ള പങ്കാളിത്തവുമില്ലെന്നും സുധാകരന് പറഞ്ഞു. ആരോപണത്തിന് പിന്നില്‍ ഒരു കറുത്ത ശക്തിയുണ്ടെന്ന് വ്യക്തമാണ്. ഇതിന് പിന്നിലെ കറുത്ത ശക്തി മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്ന് ശങ്കിച്ചാല്‍ കുറ്റംപറയാന്‍ പറ്റുമോ എന്നും സുധാകരന് വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.
ഡോക്ടര്‍ മോന്‍സണുമായി ബന്ധമുണ്ട്. അഞ്ചോ ആറോ തവണ വീട്ടില്‍ പോയിട്ടുണ്ട്, കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഒരു ഡോക്ടര്‍ എന്ന നിലക്കാണ് കാണാന്‍ പോയത്. അവിടെ ചെന്നപ്പോഴാണ് അദ്ദേഹത്തിന്റെ വീട്ടിലെ പുരാവസ്തുക്കള്‍ കണ്ടത്. ഒരു വലിയ ശേഖരം അദ്ദേഹത്തിന്റെ വീട്ടിലുണ്ട്. കോടികള്‍ വിലയുള്ളത് എന്നാണ് അദ്ദേഹം പരിചയപ്പെടുത്തിയത്. അദ്ദേഹത്തെ കാണാന്‍ പോയി എന്നതിനപ്പുറത്ത് ഈ പറയുന്ന കക്ഷികളുമായി യാതൊരു ബന്ധവുമില്ല. തന്നോട് സംസാരിച്ചു എന്ന് പറയുന്ന വ്യക്തി കറുത്തിട്ടോ വെളുത്തിട്ടോ എന്ന് പോലും അറിയില്ലെന്നും മോന്‍സണിന്റെ വിട്ടില്‍വെച്ച് ഇത്തരം ചര്‍ച്ച ഒരു കാലത്തും നടത്തിട്ടില്ലെന്നും സുധാകരന് പറഞ്ഞു.
ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒരു കറുത്ത ശക്തിയുണ്ടെന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മൂന്ന് നാല് തവണ ഈ പയ്യനെ വിളിച്ചുവെന്ന് അവന് തന്നെ പറഞ്ഞിട്ടുണ്ട്. എന്തിനാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വിളിക്കുന്നത് ? മുഖ്യമന്ത്രിയുടെ സെക്രട്ടറി വിളിച്ചു എന്നാണ് പരാതിക്കാരന് പറയുന്നത്. അത് ശരിയാണെങ്കില്‍ അതിന് പിന്നില്‍ ഒരു ഗൂഢാലോചനയുണ്ട്.
2018ലാണ് സംഭവമെങ്കില്‍ വേറെ ഏതോ കെ.സുധാകരന് എംപിയാണെന്നാണ് തോന്നുന്നത്. 2018ല്‍ ഞാന്‍ എംപിയല്ലല്ലോ? 2019ല്‍ വേറെ ഏതെങ്കിലും കെ.സുധാകരന് എംപിയുണ്ടോയെന്ന് എനിക്കറിയില്ല. പാലമെന്റ് ഏത് കമ്മറ്റിയിലാണ് ഞാന്‍ അംഗമായിരുന്നത് ? ഫിനാന്‍സ് കമ്മറ്റി എന്നാണ് പറയുന്നത്. ഏത് ഫിനാന്‍സ് കമ്മറ്റി ? ഞാന്‍ ജീവിതത്തില്‍ ഇതുവരെ ഒരു കമ്മറ്റില്‍ അംഗമായി ഇരുന്നിട്ടില്ല. എംപി ആയിരുന്ന കാലത്തും ആയിട്ടില്ല. എംപി അല്ലാത്തപ്പോള്‍ സ്വാഭാവികമായും അങ്ങനെ ഒരു കമ്മറ്റിയില്‍ വരില്ലല്ലോ? എല്ലാം ബാലിശമായ ആരോപണങ്ങളാണ്.
22ന് ഉച്ചക്കാണ് പരാതിക്കാരനുമായി സംസാരിച്ചതെന്നാണ് പരയുന്നത്. സഹപ്രവര്ത്തകന് ഷാനവാസ് മരിച്ചത് 21നാണ്. 22നാണ് ഖബറടക്കം. അത് കഴിയുമ്പോള്‍ തന്നെ മൂന്ന് മണിയായി. അതിന് ശേഷം അനുശോചന യോഗവും ചേര്‍ന്നാണ് ഷാനവാസിന്റെ മരണവിട്ടില്‍ നിന്ന് പോകുന്നത്. അപ്പോള്‍ രണ്ട് മണിക്ക് ചര്‍ച്ച നടത്തിയ സുധാകരനെ കണ്ടെത്തണം. ഈ പറയുന്ന തീയതിയില്‍ ഞാനാണ് സുധാകരനെങ്കില്‍ ഞാനന്ന് ഷാനവാസിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കുകയാണ്.
ഇതൊരു കെട്ടിച്ചമച്ച കഥയാണെന്നും അദ്ദേഹം ആരോപിച്ചു. കഥക്ക് പിന്നില്‍ പരാതിക്കാരന്റെ ബുദ്ധിയല്ല. ബുദ്ധിക്ക് പിറകിലുള്ള ഒരു കറുത്ത ശക്തി വേട്ടയാടിക്കൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം. ഈ ഒരു കേസ് അന്വേഷിക്കാന്‍, തെളിവ് കൊടുപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി നടത്തുന്ന ധൃതിയും ജാഗ്രതയും സ്വര്‍ണക്കടത്തിലോ ഡോളര്‍ കടത്തിലോ ഒന്നും എന്തേ ഇല്ലാതെ പോയത്. ഇതിന് പിന്നിലെ കറുത്ത ശക്തി മുഖ്യമന്ത്രുയും മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്ന് ശങ്കിച്ചാല്‍ കുറ്റംപറയാന്‍ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.