കല്‍ബുര്‍ഗി: കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ എട്ട് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. കല്‍ബുര്‍ഗിയിലെ ചിഞ്ചോളി താലൂക്കിലാണ് സംഭവം. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ കുട്ടി സ്കൂളില്‍ എത്താതിരുന്നതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. കുട്ടിയുടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ പ്രദേശവാസിയായ യെല്ലപ്പ എന്നായള്ക്കൊപ്പം ഉച്ചനേരത്ത് കുട്ടിയെ കണ്ടതായി ചിലര്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്തെങ്കിലും പെണ്‍കുട്ടിയെ താന്‍ കണ്ടില്ലെന്നായിരുന്നു ഇയാളുടെ മറുപടി. സംശയം തോന്നിയ വീട്ടുകാര്‍ സുലേപത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെ പൊലീസ് സ്ഥലത്ത് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
രാത്രിയോടെ പ്രദേശവാസികള്‍ ചേര്‍ന്ന് പ്രദേശത്ത് നടത്തിയ തെരച്ചിലിനൊടുവില്‍ മുല്ലമാരി ജലസേചന പദ്ധതിയോട് ചേര്‍ന്നുള്ള കനാലിന് അടുത്ത് നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നീട് സ്ഥലത്ത് എത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ പ്രതിയുടെ അടിവസ്ത്രവും അടുത്തായി ചോരത്തുള്ളികളും കണ്ടെത്തി.
35-കാരനായ പ്രതി യെല്ലപ്പ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി സംശയിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. സ്കൂളിലേക്ക് പോകും വഴി ചോക്ലേറ്റ് നല്‍കിയാണ് യെല്ലപ്പെ കുട്ടിയെ കൂട്ടിക്കൊണ്ടു പോയത് എന്നാണ് പൊലീസ് പറയുന്നത്.