ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് കഴിക്കാം; തീയറ്ററുകള്‍ കാത്തിരിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും ബാറുകളും ഹോട്ടലുകളും പ്രവർത്തിക്കേണ്ടത്. പകുതി ഇരുപ്പിടങ്ങളിൽ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ എന്നും നിർദ്ദേശമുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയെങ്കിലും ഹോട്ടലുകളിൽ പാഴ്സൽ സൗകര്യം മാത്രമാണ് അനുവദിച്ചിരുന്നത്. ഇതിനെതിരേ വലിയ പ്രതിഷേധം ഹോട്ടലുടമകളുടെ ഭാഗത്തുനിന്നും പൊതുജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു.
അതേസമയം സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കാൻ ഇന്നത്തെ യോഗവും അനുമതി നൽകിയിട്ടില്ല. തീയറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ സമയമായിട്ടില്ലെന്നാണ് യോഗം വിലയിരുത്തിയത്. തീയറ്ററുകൾ തുറക്കാൻ അനുവദിക്കണമെന്ന് വിവിധ സിനിമാ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.