മംഗളുരു സെൻട്രൽ റയിൽവേ സ്റ്റേഷനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തി വികസിപ്പിക്കും
മംഗളുരു :മലയാളികൾ ഉൾപെടെ പ്രധാനമായും ആശ്രയിക്കുന്ന മംഗളുറു സെൻട്രൽ റയിൽവേ സ്റ്റേഷനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തി വികസിപ്പിക്കുന്നു. നഗരത്തിലെ മറ്റൊരു സ്റ്റേഷനായ മംഗളുറു ജംഗ്ഷനെയാണ് നേരത്തെ വികസിപ്പിക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും സെപ്റ്റംബർ 15 -ന് അയച്ച കത്തിൽ, മംഗളുറു ജംഗ്ഷന് പകരം മംഗളുറു സെൻട്രൽ സ്റ്റേഷനെ വികസിപ്പിക്കാനുള്ള തീരുമാനം മന്ത്രാലയം ആർഎൽഡിഎയെ (റെയിൽ ലാൻഡ് ഡെവലപ്മെന്റ് അതോറിറ്റി) അറിയിക്കുകയായിരുന്നു.
2009 ൽ അന്നത്തെ റെയിൽവേ മന്ത്രിയായിരുന്ന മമത ബാനർജി പുനർവികസനത്തിന് തെരഞ്ഞെടുത്ത 50 സ്റ്റേഷനുകളിൽ ഒന്നായിരുന്നു മംഗളുറു സെൻട്രൽ. എന്നാൽ 2014 ൽ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം മംഗളുറു ജംഗ്ഷൻ സ്റ്റേഷനെ തിരക്കേറിയ സ്ഥലമായി പരിഗണിച്ച് വികസിപ്പിക്കാൻ ശുപാർശ ചെയ്തു. കഴിഞ്ഞ 12 വർഷത്തിനിടയിൽ, രണ്ട് സ്റ്റേഷനുകളിലും ഒരു വികസനവും നടന്നതുമില്ല.
ഒന്നുകിൽ പൊതു – സ്വകാര്യ പങ്കാളിത്തത്തോടെയോ (പിപിപി) അല്ലെങ്കിൽ ഭാഗിക പിപിപി രീതിയിലോ സെൻട്രൽ സ്റ്റേഷനെ വികസിപ്പിക്കാനാണ് റയിൽവേ ആലോചിക്കുന്നത്. അടുത്ത നാല് മാസത്തിനുള്ളിൽ സെൻട്രലിലും പരിസരത്തും ലഭ്യമായ ഭൂമി, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ, കൈകാര്യം ചെയ്യുന്ന ട്രെയിനുകളുടെ എണ്ണം, റോഡുകൾ എന്നിവയുൾപെടെ എല്ലാ വിവരങ്ങളും ശേഖരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശമുണ്ട്. ഭാവിയിൽ യാത്രക്കാരുടെയും ട്രെയിനുകളുടെയും എണ്ണവും മറ്റും പരിഗണിച്ച് 20 വർഷമെങ്കിലും മുൻകൂട്ടി കണ്ട് വികസിപ്പിക്കാനാണ് തീരുമാനം.