കടലിൽ അകപ്പെട്ട തെരുവുനായയെ രക്ഷിച്ച് പ്രണവ് മോഹൻലാൽ, അച്ഛനെപ്പോലെ നന്മ ഉള്ള മകനെന്ന് ആരാധകർ
ചെന്നൈ: താരപുത്രന്റെ ജാഡകളൊന്നുമില്ലാതെ സാധാരണക്കാരനായി ജീവിക്കാൻ ആഗ്രഹിക്കുന്ന പ്രണവ് മോഹൻലാലിന്റെ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. അത്തരത്തിൽ പുതിയൊരു വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നടുകടലിൽ അകപ്പെട്ട ഒരു തെരുവുനായയെ പ്രണവ് നീന്തിച്ചെന്ന് രക്ഷിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കഴിഞ്ഞ ലോക്ക്ഡൗൺ സമയത്ത് ചിത്രീകരിച്ച വീഡിയോ ആണെന്നാണ് നിഗമനം. മോഹൻലാലിന്റെ ചെന്നൈയിലെ വീടിന്റെ ടെറസിൽ നിന്നുമാണ് വീഡിയോ എടുത്തിരിക്കുന്നത്.ഏകദേശം രണ്ട് മിനിട്ടോളം ദൈർഘ്യമുള്ള വീഡിയോയിൽ പ്രണവ് കടലിൽ നിന്നും നീന്തി വരുന്നതായാണ് തുടക്കത്തിൽ കാണിക്കുന്നത്. അസാധാരണമായൊന്നും തുടക്കത്തിൽ തോന്നില്ലെങ്കിലും തീരത്തോട് അടുക്കുമ്പോൾ പ്രണവിന്റെ കൈയിൽ ഒരു തെരുവ് നായയെ കാണാൻ സാധിക്കും. നായയെ സുരക്ഷിതമായി കരയിലെത്തിച്ച ശേഷം അതിനെ മറ്റ് നായകളോടൊപ്പം കളിക്കാൻ വിട്ട ശേഷം താൻ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ നടന്നു പോകുന്ന പ്രണവിനെയാണ് വീഡിയോയിൽ കാണുന്നത്.’അച്ഛനെ പോലെ നന്മയുള്ള മകൻ അപ്പു’ എന്നാണ് ആരാധകർ വീഡിയോയുടെ കീഴിൽ കുറിച്ചിരിക്കുന്നത്. മിണ്ടാപ്രാണിയെ രക്ഷിക്കാൻ പ്രണവ് കാണിച്ച ധീരതയെ പലരും പ്രശംസിക്കുന്നുണ്ട്. ചില ആരാധകർ പ്രണവിനെ ചാർലി എന്നാണ് വിളിച്ചിരിക്കുന്നത്. തെരുവുനായകളുടെ സംരക്ഷണത്തിനു വേണ്ടി ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകപ്രശസ്ത സംഘടനയാണ് ചാർലി അനിമൽ റെസ്ക്യൂ സെന്റർ.