വിമർശനങ്ങളിലൊന്നും ഒരു കാര്യവുമില്ല, സ്കൂൾ തുറക്കുന്നതിനെക്കുറിച്ച് ഒരാശങ്കയുമില്ലെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: സ്കൂൾ തുറക്കുന്ന വിഷയത്തിൽ അന്തിമ മാർഗനിർദേശം അടുത്തയാഴ്ച തന്നെ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സർക്കാരിന് അക്കാര്യത്തിൽ ഒരു ആശങ്കയുമില്ല. സൂക്ഷ്മ വിവരം അടക്കം പരിശോധിച്ചാണ് സ്കൂൾ തുറക്കാൻ തീരുമാനം സ്വീകരിച്ചത്. വിമർശനങ്ങളിൽ കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഒരു വ്യവസായികളെയും ഭീഷണിപ്പെടുത്തരുതെന്നാണ് സർക്കാർ നിലപാടെന്ന് ശിവൻകുട്ടി വ്യക്തമാക്കി. ചവറയിൽ വ്യവസായിയെ ഭീഷണിപ്പെടുത്തിയത് ശ്രദ്ധയിൽ പെട്ടില്ല. നോക്കുകൂലി സർക്കാർ ഒരുകാരണവശാലും അംഗീകരിക്കില്ല. അതിനെതിരെ നിയമപരമായ നടപടിയെടുക്കും. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ തൊഴിലാളി യൂണിയനുകളുമായി സർക്കാർ ചർച്ച നടത്തും. കൊല്ലം ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു സിപിഎം രക്തസാക്ഷി സ്മാരകത്തിന് പണം നൽകിയില്ലെങ്കിൽ കൺവെൻഷൻ സെന്ററിൽ കൊടികുത്തുമെന്ന് വ്യവസായിയായ ഷാഹി വിജയനെ ഭീഷണിപ്പെടുത്തിയ വിഷയം തന്റെ ശ്രദ്ധയിൽ വന്നില്ലെന്നും ശ്രദ്ധയിൽപെട്ടാൽ ആവശ്യമായ നടപടിയെടുക്കുമെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു.