ബോട്ട് മറിഞ്ഞ് മാദ്ധ്യമപ്രവർത്തകൻ മരിച്ചു; അപകടം ആനയെ രക്ഷിക്കുന്നത് റിപ്പോർട്ട് ചെയ്യുന്നതിനിടെ
ഭുവനേശ്വർ: ബോട്ട് മറിഞ്ഞ് മാദ്ധ്യമപ്രവർത്തകൻ മരിച്ചു. ഒഡീഷയിലെ സ്വകാര്യ ചാനലിലെ റിപ്പോർട്ടറായ അരിന്ദം ദാസ് ആണ് മരിച്ചത്. ആനയെ രക്ഷിക്കുന്നത് റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഓഡീഷയിലെ കട്ടക്ക് ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം.മഹാനദിയിൽ വീണ ആനയെ രക്ഷിക്കാൻ ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ഒഡിആർഎഎഫ്) ഉദ്യോഗസ്ഥർ പോയ ബോട്ടിൽ അരിന്ദം ദാസും ക്യാമറാമാനും ഉണ്ടായിരുന്നു. നദിയിലെ ശക്തമായ ഒഴുക്ക് കാരണം ബോട്ട് മറിഞ്ഞു.വെള്ളത്തിൽ വീണവരെ രക്ഷാപ്രവർത്തകർ പുറത്തെടുത്ത് എസ് സിബി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അരിന്ദത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.’അരിന്ദത്തിന്റെ ജീവൻ രക്ഷിത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ക്യാമറാമാനായ പ്രവത് സിംഗ ആശുപത്രിയിലെ മെഡിസിൻ വിഭാഗത്തിൽ ചികിത്സയിലാണ്.ഒ ഡി ആർ എ എഫ് ഉദ്യോഗസ്ഥരിൽ ഒരാളുടെ നില ഗുരുതരമാണ്,’ – ആശുപത്രി അധികൃതർ അറിയിച്ചുഒഡീഷയിലെ പ്രമുഖ വാർത്താ ചാനലായ ഒടിവിയുടെ ചീഫ് റിപ്പോർട്ടറായിരുന്നു മുപ്പത്തൊൻപതുകാരനായ അരിന്ദം ദാസ്. ഫൈലിൻ ചുഴലിക്കാറ്റുകൾ, ഫാനി നക്സൽ വിരുദ്ധ പ്രവർത്തനങ്ങൾ, വനം, വന്യജീവികൾ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ തുടങ്ങി നിരവധി സുപ്രധാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിലൂടെയാണ് അരിന്ദം ദാസ് ശ്രദ്ധേയനായത്.