ഇല്ലാതാക്കിയത് കാത്തിരുന്നുകിട്ടിയ കൺമണിയെ; അറുകൊലയിൽ ഞെട്ടിവിറച്ച് മലയോരം
ശ്രീകണ്ഠപുരം: പിഞ്ചുകുഞ്ഞിനെ അറുകൊല ചെയ്ത് ഭാര്യയെ വെട്ടിയ ശേഷം സ്വയം കഴുത്തറുത്ത് യുവാവ് മരിച്ചതിെൻറ ഞെട്ടലിലാണ് ഏരുവേശ്ശി ഗ്രാമവും മലയോരവും. മുയിപ്രയിലെ സതീശനാണ് ആറുമാസം പ്രായമുള്ള മകൻ ധ്യാൻ ദേവിനെ കഴുത്തറുത്തുകൊന്ന് ഭാര്യ അഞ്ജലിയെ വെട്ടിപ്പരിക്കേൽപിച്ച ശേഷം കഴുത്തറുത്ത് ജീവനൊടുക്കിയത്. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് വെള്ളിയാഴ്ച ഏവരും ഈ വാർത്തയറിഞ്ഞത്. എന്തിനായിരുന്നു കാത്തിരുന്നുകിട്ടിയ പിഞ്ചോമനയെ കൊന്നതെന്ന ചോദ്യങ്ങൾ ഉയരുന്നുണ്ടായിരുന്നു.ഏഴുവർഷം മുമ്പാണ് സതീശെൻറയും അഞ്ജുവിെൻറയും വിവാഹം കഴിഞ്ഞതെങ്കിലും ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ഇപ്പോഴാണ് കുഞ്ഞുണ്ടായത്. താലോലിക്കേണ്ടുന്ന കൈകൾ പൊന്നോമനയെ കൊലപ്പെടുത്തിയത് വിശ്വസിക്കാനാവാതെ നാടാകെ തേങ്ങുകയാണ്.
ഗൾഫിൽ ഷെഫായി ജോലി ചെയ്തിരുന്ന സതീശൻ നാലുവർഷം മുമ്പാണ് നാട്ടിലെത്തിയത്. അത്യാവശ്യ കാറ്ററിങ് ജോലികൾ നാട്ടിലും ചെയ്തിരുന്നു. സതീശന് മാനസികാസ്വാസ്ഥ്യമുള്ളതായി സമീപവാസികൾക്കോ നാട്ടുകാർക്കോ അറിയില്ല. അടുത്ത ബന്ധുക്കൾക്ക് മാത്രമായിരുന്നു ഇക്കാര്യം അറിയുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി സ്വഭാവത്തിൽ ചെറിയ മാറ്റം കണ്ടതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ സതീശനെ ആശുപത്രിയിൽ കൊണ്ടുപോകാൻ തീരുമാനിച്ചിരുന്നു. ഇതിനായി സഹോദരൻ എത്തുന്നതിന് തൊട്ടുമുമ്പാണ് സംഭവം. അമ്മ നോക്കിനിൽക്കെ ഭാര്യയെയും കുഞ്ഞിനെയും കൂട്ടി മുറിയിൽ കയറി കതകടച്ചാണ് സതീശൻ കത്തിയെടുത്ത് ക്രൂരകൃത്യം നടത്തിയത്. ശബ്ദം കേട്ട് അമ്മയും പിന്നാലെയെത്തിയ സഹോദരനും വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
കൂടുതൽ ആളുകളെത്തി വാതിൽ പൊളിച്ചപ്പോഴാണ് ചോരയിൽ കുളിച്ച് പിടയുന്ന കാഴ്ചകണ്ടത്. കുട്ടി മുറിക്കകത്തെ കസേരക്ക് സമീപവും സതീശനും അഞ്ജുവും നിലത്തുമാണ് വീണുകിടന്നിരുന്നത്. ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സതീശനും കുഞ്ഞും മരിച്ചിരുന്നു.
അഞ്ജലി കണ്ണൂരിലെ ആശുപത്രിയിൽ ഗുരുതര നിലയിൽ കഴിയുകയാണ്. സംഭവമറിഞ്ഞ് നിരവധിയാളുകളാണ് സ്ഥലത്തെത്തിയത്. റൂറല്‍ എസ്.പി നവനീത് ശര്‍മ, തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാര്‍, കണ്ണൂര്‍ സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി പി.കെ. ധനഞ്ജയബാബു, കുടിയാന്മല സി.ഐ അരുണ്‍ പ്രസാദ്, എസ്.ഐ നിബിന് ജോയ്, ഫോറൻസിക് ഉദ്യോഗസ്ഥർ, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.