പ്രായപൂര്‍ത്തിയാകാത്ത പെണ്കുട്ടിയെപ്രണയം നടിച്ച് സ്വര്‍ണവും പണവും തട്ടി, പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്തോടെ പ്രതി പിടിയില്‍
ആലപ്പുഴ: ചെങ്ങന്നൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ പ്രതി വയനാട് സ്വദേശി രഞ്ജിത്തിന്റെ തട്ടിപ്പ് പുറത്തറിഞ്ഞത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെ. ഫോണ്‍ വഴിയാണ് ഇയാള്‍ ചെങ്ങന്നൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്. പിന്നീട് ഇരുവരും തമ്മില്‍ അടുപ്പത്തിലായി. താന്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന വിവരം രഞ്ജിത്ത് പെണ്‍കുട്ടിയില്‍ നിന്ന് മറച്ചുവെച്ചിരുന്നു.
അടുപ്പത്തിലായ ശേഷം നേരില്‍ കാണാന്‍ ഇരുവരും തീരുമാനിച്ചു. തനിക്ക് സാമ്പത്തികമായി ചില ബുദ്ധിമുട്ടുകളുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞ് വിശ്വസിപ്പിച്ചപ്പോള്‍ തന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണം പണയം വെച്ച് ഒരു പരിചയക്കാരന് വഴി രഞ്ജിത്തിന്റെ അക്കൗണ്ടിലേക്ക് പെണ്‍കുട്ടി പണം അയച്ചു. പിന്നീട് പെണ്‍കുട്ടി തന്റെ വല്യമ്മയുടെ സ്വര്‍ണവും പണയം വെച്ച് പണം അയച്ചു. രണ്ട് തവണയായി 85,000 രൂപയാണ് അയച്ചത്. വീട്ടുകാര്‍ അറിയാതെ പണം അയച്ചു കൊടുത്തതില്‍ പിന്നീട് പെണ്‍കുട്ടിക്ക് ഭയപ്പാടുണ്ടായി.
മാനസിക സമ്മര്‍ദ്ദം കടുത്തതോടെ പെണ്‍കുട്ടി ഗുളികകള്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. പോലീസ് എത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് രഞ്ജിത്തിന് സ്വര്‍ണം പണയം വെച്ച് പണം നല്കിയതും അടുപ്പത്തിലായിരുന്നു എന്ന കാര്യവും പുറത്തറിഞ്ഞത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂര്‍ പോലീസ് കേസെടുക്കുകയും ചെയ്തു.
പെണ്‍കുട്ടിയുടെ പരാതിയില്‍ വയനാട്ടിലെത്തിയ പോലീസ് സംഘം മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്. പോലീസെത്തിയ വിവരം മനസ്സിലാക്കിയ പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു കടന്നുകളയാന്‍ ശ്രമിച്ചു.പ്രതിയെ കൂടുതല്‍ തവണ ബന്ധപ്പെട്ട സുഹൃത്തിന്റെ കോള്‍ ലിസ്റ്റ് പോലീസ് പിന്നീട്, പരിശോധനയിലൂടെ കണ്ടത്തി. സുഹൃത്തിനെ നിരീക്ഷണത്തിലാക്കിയ പോലീസ് സംഘം ഇയാളെ ഉപയോഗിച്ചു പ്രതിയെ വിളിച്ചു വരുത്തി പിടികൂടുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
വയനാട് സ്വദേശിയായ രഞ്ജിത്തിന് കാര്യമായ ജോലികളൊന്നും തന്നെയില്ല. ഒരു കുട്ടിയുടെ പിതാവാണെങ്കിലും ഇത്തരം സ്വഭാവം കാരണം ഭാര്യയും ഇയാളില്‍ നിന്ന് അകന്നാണ് കഴിയുന്നതെന്നും പോലീസ് പറയുന്നു.