വീടിനുള്ളില്‍ പേടിപ്പെടുത്തുന്ന സ്വരം! നട്ടം തിരിഞ്ഞ് ഒരു കുടുംബം അമ്പരന്ന് അഗ്നിശമന സേനയും
കോഴിക്കോട്: വീടിനുള്ളില്‍നിന്ന് എന്നും പേടിപ്പെടുത്തുന്ന ശബ്ദം… എവിടെനിന്നാണ് ശബ്ദം വരുന്നതെന്ന് ഒരുപിടിയുമില്ല, തെരഞ്ഞിട്ടും പരിശോധിച്ചിട്ടും ഒന്നും കാണുന്നുമില്ല…
ഉറക്കം പോകാൻ വേറെ വല്ലതും വേണോ? ഉറക്കം പോയെന്നു മാത്രമല്ല അവിടെ ആ വീട്ടിൽ ജീവിക്കാൻ തന്നെ സാധാരണക്കാർ ഭയക്കും… ഇതു കഥയോ സിനിമയോ അല്ല…. ഇത്തരമൊരു അവസ്ഥയിൽ നട്ടം തിരിയുകയാണ് ഒരു കുടുംബം.
കുരുവട്ടൂര്‍ പഞ്ചായത്ത് പോലൂര് സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപത്തു താമസിക്കുന്ന കോണോട്ട് തെക്കെമാരത്ത് ബിജുവും കുടുംബവുമാണ് വീടിനുള്ളിൽ നിന്നു പേടിപ്പെടുത്തുന്ന സ്വരങ്ങൾ കേൾക്കുന്നതുമൂലം ആശങ്കയിൽ കഴിയുന്നത്.
പ്രേതവും ഭൂതവുമൊന്നുമല്ലെന്ന് ഏതാണ്ട് എല്ലാവർക്കും ഉറപ്പായിട്ടുണ്ട്. പൈലിംഗ് നടത്തുന്നതു പോലുള്ള ഇടിമുഴക്കമാണ് വീടിനടിയിൽനിന്നു കേള്‍ക്കുന്നത്. ഇടവിട്ട് അര മണിക്കൂറോളം ശബ്ദമുണ്ടാകും. തൊട്ടടുത്ത വീടുകളിലും പ്രദേശങ്ങളിലൊന്നും ഇത്തരത്തില്‍ ശബ്ദമില്ല. ഇതോടെ ബിജുവും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം ഭീതിയിലായി.
തറയുടെ അടിയില്‍ എന്തോ കുഴിക്കുന്നതു പോലെയാണ് പലപ്പോഴും അനുഭവപ്പെടുകയെന്നു ബിജു പറയുന്നു. കാതടപ്പിക്കുന്ന വലിയ മുഴക്കമാണ് ചിലപ്പോള്‍ അനുഭവപ്പെടുക. ബിജു നല്കിയ പരാതിയെത്തുടര്‍ന്നു വെള്ളിമാട്കുന്ന് ഫയര്‍ സ്റ്റേഷനില്‍നിന്നു സ്റ്റേഷന് ഓഫീസര്‍ കെ.പി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥരും വീടിനുള്ളില്‍ കയറിയതോടെ ശബ്ദം അനുഭവിച്ചറിഞ്ഞു.
തുടര്‍ അന്വേഷണത്തിനായി ശബ്ദം റിക്കാര്‍ഡ് ചെയ്തു. ശബ്ദം ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെല്ലിനു കൈമാറുമെന്നു സ്റ്റേഷന് ഓഫീസര്‍ അറിയിച്ചു. ഇന്നുതന്നെ ജില്ലാ കളക്ടറുടെ അനുമതി തേടും. അതിനുശേഷമായിരിക്കും തുടര്‍ നടപടി. വീടു നിര്‍മാണത്തിൽ എന്തെങ്കിലും അപാകതയുണ്ടോയെന്ന കാര്യവും പരിശോധിക്കും.