തിരുവനന്തപുരം: വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്റെ പേരില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. തിരുവനന്തപുരം പോത്തന്‍കോട് ജംഗ്ഷനിലാണ് സംഭവം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ നന്നാട്ടുകാവ് പണയില്‍ വീട്ടില്‍ അനൂപ് (29) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോത്തന്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അനൂപിനൊപ്പം ഉണ്ടായിരുന്നു സുഹൃത്ത് വിനീതിനും പരിക്കുണ്ട്. അനൂപിനെ മര്‍ദ്ദിച്ച ഷിബു വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.ഷിബുവിനെ രണ്ടു പേര് ചേര്‍ന്നു മര്‍ദിച്ചതായി കാണിച്ച് ഭാര്യ പ്രതിഭയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഷിബുവും സുഹൃത്തും ചേര്‍ന്ന് അനൂപിനെ റോഡില്‍ തള്ളിയിട്ട് മര്‍ദിക്കുകയും ചവിട്ടുകയും ചെയ്യുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ബൈക്കിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ടാണ് ഇരുവിഭാഗവും ഏറ്റുമുട്ടാന്‍ ഇടയായതെന്നാണ് നാട്ടുകാര്‍ പറയുന്നു. തിരക്കേറിയ സമയത്ത് നാട്ടുകാരും യാത്രക്കാരും നോക്കിനില്‍ക്കെയാണു യുവാക്കള്‍ തമ്മിലടിച്ചത്. ഇരുഭാഗത്തു നിന്നും വന്ന വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടി വന്നു. നാട്ടുകാര്‍ ഇടപെട്ടതോടെ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞിട്ടും പൊലീസുകാര്‍ സ്ഥലത്തെത്തിയില്ലെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. പരിക്കേറ്റ അനൂപിന് നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.