അമേരിക്കയിലും മോദിയെ വിടാതെ കർഷകർ; ചർച്ചയിൽ കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ ബൈഡനോട് ടികായത്ത്
11 മാസത്തെ പ്രതിഷേധത്തിനിടെ 700 കർഷകർക്ക് ജീവൻ നഷ്ടപ്പെട്ടു
അമേരിക്കൻ സന്ദർശനത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിടാതെ പിന്തുടർന്ന് കർഷക സമരക്കാർ. മോദി-ബൈഡൻ ഉഭയകക്ഷി ചർച്ചയിൽ കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ അമേരിക്കൻ പ്രസിഡൻറിനോട് കർഷക നേതാവ് രാകേഷ് ടികായത്ത് ആവശ്യപ്പെട്ടു. 11 മാസത്തെ പ്രതിഷേധത്തിനിടെ 700 കർഷകർക്ക് ജീവൻ നഷ്ടപ്പെട്ടു. ഞങ്ങളെ രക്ഷിക്കാൻ ഈ കറുത്ത നിയമങ്ങൾ റദ്ദാക്കണം. യുഎസ് പ്രസിഡൻറ് ജോ ബൈഡനെ ടാഗ് ചെയ്തുകൊണ്ട് കർഷക നേതാവ് ട്വീറ്റ് ചെയ്തു.
‘പ്രധാനമന്ത്രി മോദിയുടെ സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ ഞങ്ങൾ ഇന്ത്യൻ കർഷകർ പ്രതിഷേധിക്കുന്നു. കഴിഞ്ഞ 11 മാസത്തിനിടെ 700 കർഷകർ പ്രതിഷേധത്തിൽ മരിച്ചു. ഞങ്ങളെ രക്ഷിക്കാൻ ഈ കറുത്ത നിയമങ്ങൾ റദ്ദാക്കണം. പ്രധാനമന്ത്രി മോദിയെ കാണുമ്പോൾ ദയവായി ഞങ്ങളുടെ ആശങ്കകൾകൂടി പങ്കുവയ്ക്കുക’-ബൈഡനോട് ടികായത്ത് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.കർഷക സമരത്തിന് അന്താരാഷ്ട്ര ശ്രദ്ധ നേടാനുള്ള സന്ദർഭമായാണ് മോദിയുടെ അമേരിക്കൻ സന്ദർശനത്തെ പ്രക്ഷോഭകർ കാണുന്നത്.ഭാരതീയ കിസാൻ യൂണിയെൻറ (ബികെയു) വക്താവാണ് രാകേഷ് ടികായത്ത്. കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകർ 2020 നവംബർ മുതൽ രാജ്യതലസ്ഥാനമായ ഡൽഹിയിൽ സമരത്തിലാണ്.
അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈസ് പ്രസിഡന്റ് കമല ഹാരിസും കൂടിക്കാഴ്ച നടത്തി. ഇന്ത്യ-അമേരിക്ക ബന്ധത്തിന് വലിയ പുരോഗതി വഹിക്കാൻ കഴിഞ്ഞെന്ന് സംയുക്ത പ്രസ്താവനയിൽ ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. ജോ ബൈഡൻ-കമല ഹാരിസ് ഭരണ നേതൃത്വത്തിൽ ഇന്ത്യ-യു.എസ് ബന്ധം പുതിയ തലത്തിലേക്ക് കടക്കുമെന്ന് മോദി പറഞ്ഞു. ഇരുരാജ്യങ്ങളും സമസ്ത മേഖലകളിൽ മികച്ച സഹകരണമാണുള്ളതെന്ന് മോദി ചൂണ്ടിക്കാട്ടി. കോവിഡ് രണ്ടാം തരംഗത്തിൽ യു.എസ്. നൽകിയ സഹായങ്ങൾക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി.
ഇന്ത്യ അമേരിക്കയുടെ നിർണായക പങ്കാളിയാണെന്ന് കമല ഹാരിസ് വ്യക്തമാക്കി. ഇരു രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വ്യാപിക്കാനുള്ള നടപടികൾ ഉദ്യോഗസ്ഥ തലങ്ങളിൽ പുരോഗമിക്കുകയാണ്. ഇരു രാജ്യങ്ങളും ഒന്നിച്ചു നിന്നാൽ ലോകത്ത് വലിയ സ്വാധീനം ചെലുത്താൻ സാധിക്കും. കോവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും കമല ഹാരിസ് വ്യക്തമാക്കി. ഇന്ത്യ കോവിഡ് വാക്സിൻ കയറ്റുമതി ചെയ്ത തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്തു.