മംഗളൂരു: സ്കൂള്‍ കിണറില്‍ സാമൂഹ്യ വിരുദ്ധര്‍ വിഷം കലര്‍ത്തി. വെള്ളം കുടിച്ച എട്ട് വിദ്യാര്‍ത്ഥികളെ വിഷബാധയേറ്റ നിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നാല് കുട്ടികളുടെ നില ഗുരുതരമാണ്. ബെല്‍ത്തങ്ങാടി ഷിബാജെ പെര്‍ള സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് വിഷബാധയേറ്റത്. നാല് വിദ്യാര്തഥികളെ ഗുരുതര നിലയില്‍ സ്വകാര്യാസ്പത്രിയിലും മറ്റ് നാല് വിദ്യാര്‍ത്ഥികളെ ബെല്‍ത്തങ്ങാടി താലൂക്ക് ആസ്പത്രിയിലുമാണ് പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച്ച രാവിലെ കിണറില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് സ്കൂളിലെ തോട്ടം നനയ്ക്കുന്നതിനിടെ ചില വിദ്യാര്‍ത്ഥികള്‍ പൈപ്പില്‍ നിന്ന് വെള്ളം കുടിച്ചിരുന്നു. അല്പസമയം കഴിഞ്ഞപ്പോള്‍ കുട്ടികള്‍ക്ക് വയറു വേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. ഇവരെ ആസ്പത്രിയിലാക്കിയ ശേഷം അധ്യാപകര്‍ നടത്തിയ പരിശോധനയില്‍ കിണറിന് സമീപത്തു നിന്ന് ഒഴിഞ്ഞ കന്നാസ് കണ്ടെത്തി. തുടര്‍ന്ന് കിണറില്‍ നടത്തിയ പരിശോധനയില്‍ വെള്ളത്തില്‍ വിഷം കലര്‍ത്തിയതായി വ്യക്തമായി.