ഒരു ബഞ്ചിൽ രണ്ട് കുട്ടികൾ, ഉച്ചഭക്ഷണത്തിന് പകരം അലവൻസ്, സ്കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട മാർഗരേഖ പുറത്ത്
തിരുവനന്തപുരം : നവംബർ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ കൊവിഡ് നിയന്ത്രിക്കുന്നതിനായി കൈക്കൊള്ളേണ്ട കരട് മാർഗരേഖ തയ്യാറായി. സ്കൂളുകളിൽ ക്ലാസെടുക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി സൂചന നൽകി. ഇതു പ്രകാരം ക്ലാസിൽ ഒരു ബഞ്ചിൽ രണ്ട് കുട്ടികളെ മാത്രമേ ഇരിക്കാൻ അനുവദിക്കുകയുള്ളു. സ്കൂളിൽ കുട്ടികളെ കൂട്ടംകൂടി നിൽക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല. സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ തയ്യാറാക്കാൻ ആരോഗ്യ, വിദ്യാഭ്യാസ സെക്രട്ടറിമാരെയാണ് ചുമതലപ്പെടുത്തിയത്.
മാർഗരേഖയിലുള്ള മറ്റ് പ്രധാന തീരുമാനങ്ങൾ ഇവയാണ്.
സ്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കില്ല, പകരം അലവൻസ് നൽകും
യൂണിഫോം വിദ്യാർത്ഥികൾക്ക് നിർബന്ധമാക്കില്ല
എല്ലാ ദിവസവും ക്ലാസുകൾ അണുവിമുക്തമാക്കും
രക്ഷിതാക്കൾക്ക് ഓൺലൈനായി ബോധവത്കരണ ക്ലാസ്
വലിയ സ്കൂളുകൾക്കായി കെഎസ്ആർടിസി സർവീസ്
സ്കൂളിന്റെ നിയന്ത്രണം അദ്ധ്യാപകർക്ക്
സ്കൂളുകൾക്ക് മുന്നിലെ കടകളിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കില്ല
ആദ്യഘട്ടത്തിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് ആരംഭിക്കുന്നത്. സർക്കാർ നടപ്പിലാക്കേണ്ട കാര്യങ്ങളെ കുറിച്ച് ഐ എം എ മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. അദ്ധ്യാപകരും മറ്റ് ജീവനക്കാരും കൃത്യമായി വാക്സിൻ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്നും, വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വാക്സിൻ എടുക്കണമെന്നും ഐഎംഎ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.