ജീവനക്കാരിയുടെ ആധാര്‍ കാര്‍ഡുപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്: പണമിടപാട് സ്ഥാപന ഉടമ അറസ്റ്റില്‍
മാവേലിക്കര: ജീവനക്കാരിയുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് സ്വര്‍ണപ്പണയ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്തു.
വള്ളികുന്നം കാമ്പിശേരി ജങ്ഷനില്‍ വീടിനോട് ചേര്‍ന്ന് അര്‍ച്ചന ഫൈനാന്‍സിയേഴ്സ് നടത്തുന്ന കാമ്പിശേരില്‍ വീട്ടില്‍ വിജയനെ(72)യാണ് വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്ത്. താളീരാടി കോതകരക്കുറ്റിയില്‍ കോളനിയിലെ എസ്.ആര്. അഞ്ജു നല്കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
പണയം വയ്ക്കാനായി ഇവര്‍ നല്കിയ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഉപയോഗിച്ച് ചൂനാട് കാത്തലിക് സിറിയന്‍ ബാങ്കില്‍ സ്വര്‍ണം പണയം വച്ച് ലക്ഷങ്ങള്‍ വാങ്ങിയതായിട്ടായിരുന്നു പരാതി.
പണയം തിരിച്ചെടുക്കുകയോ പുതുക്കി വയ്ക്കുകയോ ചെയ്യണമെന്ന് കാട്ടി ബാങ്കില്‍നിന്ന് അഞ്ജുവിന് നോട്ടീസ് ലഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബാങ്കില്‍ നടത്തിയ കൂടുതല്‍ അന്വേഷണത്തില്‍ ഇവരുടെ പേരില്‍ പന്ത്രണ്ടോളം തവണ ഇടപാട് നടത്തി ലക്ഷങ്ങള്‍ വായ്പ വാങ്ങിയതായ രേഖകള്‍ കണ്ടെത്തിയിരുന്നു. വള്ളികുന്നം സി.ഐ: ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.