ജാക്കിെവച്ച് ഉയർത്തുന്നതിനിടെ പിക്-അപ് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം
കൊട്ടാരക്കര: പിൻചക്രം മാറ്റാനായി പിക്-അപ് ലോറി ജാക്കിെവച്ച് ഉയർത്തുന്നതിനിടെ വാഹനം മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. തിരുവല്ല കോയിപ്രം പുല്ലാട് സന്തോഷ് ഭവനിൽ സുരേഷ് കുമാർ (43) ആണ് മരിച്ചത്.
വ്യാഴാഴ്ച പുലർച്ച നാലോടെ എം.സി റോഡിൽ കുളക്കട ഹൈസ്കൂൾ ജങ്ഷനിലാണ് സംഭവം. തിരുവനന്തപുരം ഭാഗത്തുനിന്ന് പത്തനംതിട്ട കോഴഞ്ചേരിയിലേക്ക് വയ്ക്കോലുമായി പോകുകയായിരുന്നു ലോറി. കുളക്കടയിൽ െവച്ച് വാഹനത്തിെൻറ പിൻചക്രം പൊട്ടി. തുടർന്ന്, റോഡരികിലേക്ക് നിർത്തിയശേഷം ജാക്കിെവച്ച് ഉയർത്തി ടയർ മാറ്റാനുള്ള ശ്രമത്തിലായിരുന്നു സുരേഷ് കുമാർ.
ജാക്കി തെന്നിമാറുന്നത് ബോധ്യപ്പെട്ടതോടെ കൈകാട്ടി മറ്റൊരു വാഹനക്കാരനായ നിഖിലിനെ വിളിച്ചു. ഇദ്ദേഹം വാഹനം നിർത്തി ഇറങ്ങിവരുമ്പോഴേക്കും പിക്-അപ് സുരേഷ് കുമാറിെൻറ ദേഹത്തേക്ക് മറിയുകയായിരുന്നു.
കൊട്ടാരക്കരയിൽനിന്ന് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി ശ്രമകരമായി വയ്ക്കോൽ മുഴുവൻ നീക്കം ചെയ്തശേഷം വാഹനം ഉയർത്തിയാണ് സുരേഷ് കുമാറിനെ പുറത്തെടുത്തത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ: മഞ്ജു, മക്കൾ: അഭയ സുരേഷ്, ആദിത്യൻ സുരേഷ്. പുത്തൂർ പൊലീസ് കേസെടുത്തു.