കുടുംബകലഹത്തെത്തുടര്‍ന്ന് പിതാവ് മകന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു, മകന് അതീവ ഗുരുതരാവസ്ഥയില്‍
പാലാ: കുടുംബവഴക്കിനെത്തുടര്‍ന്ന് പിതാവ് മകന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു. 75 ശതമാനത്തോളം പൊള്ളലേറ്റ മകന് അതീവ ഗുരുതരാവസ്ഥയില്‍. പ്രവിത്താനം അന്തീനാട് ക്ഷേത്രത്തിന് സമീപം കാഞ്ഞിരത്താംകുന്നേല്‍ ഷിനുവിനാണ് (35) ആസിഡ് വീണ് ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തിനുശേഷം കറങ്ങിനടക്കുകയായിരുന്ന ഷിനുവിന്റെ പിതാവ് ഗോപാലകൃഷ്ണന് ചെട്ടിയാരെ (61) സി.ഐ. കെ.പി. ടോംസണ്‍ന്റെ നേതൃത്വത്തില്‍ തന്ത്രപരമായി പിടികൂടി.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ഷിനുവും ഗോപാലകൃഷ്ണനും മാതാവും മാത്രമാണ് വീട്ടിലുള്ളത്. മദ്യപാന ശീലമുള്ള ഷിനുവും പിതാവും തമ്മില്‍ വാക്കേറ്റവും വഴക്കും പതിവായിരുന്നു. ബുധനാഴ്ച പകലും വഴക്കുണ്ടാകുകയും ഗോപാലകൃഷ്ണനെ ചവിട്ടി പരുക്കേല്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആസിഡ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. രാത്രി മദ്യപിച്ചെത്തിയ ഷിനു ഉറക്കത്തിലാണെന്ന് ഉറപ്പാക്കിയ ശേഷം റബര്‍തോട്ടത്തിലെ ഷെഡില്‍ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന റബറിന് ഉപയോഗിക്കുന്ന (സോമിക് ആസിഡ്) ആസിഡ് എടുത്തു കൊണ്ടുവന്ന് ഷിനുവിന്റ ദേഹത്ത് ഒഴിക്കുകയായിരുന്നു. പൊള്ളലേറ്റ ഷിനുവിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. അതീവഗുരുതരാവസ്ഥയിലുള്ള ഷിനു കോട്ടയം മെഡിക്കേല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
അതേസമയം ഗോപാലകൃഷ്ണന് കൊല്ലപ്പള്ളി ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. ആസിഡിന്റെ ബാക്കിയുള്ള ഭാഗം കൊല്ലപ്പള്ളി തോട്ടില്‍ ഉപേക്ഷിച്ചശേഷം റബര്‍തോട്ടത്തില്‍ കിടന്നുറങ്ങി. രാവിലെ ഉള്ളനാട് ഷാപ്പിലെത്തി മദ്യപിച്ചശേഷം ഓട്ടോറിക്ഷയില്‍ വിവിധ ഭാഗങ്ങളില്‍ കറങ്ങിനടക്കുകയായിരുന്നു.
സി.ഐ. കെ.പി. ടോംസണ്, എസ്ഐ ഷാജി സെബാസ്റ്റിയന്, ബിജു കെ. തോമസ്, ഷെറിന് മാത്യു, റെനീഷ്, സ്റ്റീഫന്‍ എന്നിവരുടെ സംഘം മഫ്തിയിലെത്തി തന്ത്രപരമായി പ്രതിയെ പിടികൂടുകയായിരുന്നു. സയന്റിഫിക് വിദഗ്ധരും, വിരലടയാള വിദഗ്ധരും ഷിനുവിന്റെ വീട്ടിലെത്തി ശാസ്ത്രീയ തെളിവെടുപ്പുകള്‍ നടത്തി. ഷിനുവിന്റെ മൊഴി മജിസ്ട്രേട്ട്് രേഖപ്പെടുത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.