പാകിസ്ഥാനിൽ ഇല്ലാത്ത സുരക്ഷിതത്വം ഇന്ത്യയിലുണ്ടെന്ന് പാക് വംശജനായ ഓസ്ട്രേലിയൻ ക്രിക്കറ്റർ, മറ്റ് രാജ്യങ്ങൾ അവിടെ കളിക്കാൻ വിസമ്മതിക്കുന്നതിന് പിന്നിലുള്ള കാരണം വ്യക്തമാക്കി താരം
സിഡ്നി: പാകിസ്ഥാനിലോ ബംഗ്ളാദേശിലോ നടക്കുന്ന ക്രിക്കറ്റ് പരമ്പരകളിൽ കളിക്കേണ്ട എന്ന തീരുമാനം എടുക്കാൻ വളരെ എളുപ്പമാണെങ്കിലും അത്തരമൊരു തീരുമാനം ഇന്ത്യയ്ക്കെതിരെ സ്വീകരിക്കാൻ ബുദ്ധിമുട്ടാണെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റർ ഉസ്മാൻ ഖവാജ. ഇന്ന് ലോക ക്രിക്കറ്റ് ഭരിക്കുന്നത് ഇന്ത്യയാണെന്നും പാകിസ്ഥാനിലെ പോലുള്ള സമാന അവസ്ഥ ഇന്ത്യയിൽ ഉണ്ടായാലും പരമ്പരയിൽ നിന്നും പിന്മാറുന്നതു പോലുള്ള നടപടികൾ സ്വീകരിക്കാൻ മറ്റ് രാജ്യങ്ങൾ മടിക്കുമെന്ന് ഖവാജ പറഞ്ഞു. എല്ലാം തീരുമാനിക്കുന്നത് പണമാണെന്നും ഇന്ത്യക്ക് ഇന്ന് അതുള്ളതിനാൽ ബി സി സി ഐയെ പിണക്കാൻ മറ്റ് ബോർഡുകൾ തയ്യാറാകില്ലെന്ന് ഖവാജ വ്യക്തമാക്കി.പാകിസ്ഥാനിൽ ക്രിക്കറ്റ് കളിക്കാൻ മറ്റ് രാഷ്ട്രങ്ങൾ വിസമ്മതിക്കുന്നതിൽ ഇന്ത്യയ്ക്ക് വലിയൊരു പങ്കുണ്ടെന്നാണ് പാകിസ്ഥാൻ മുൻ താരങ്ങളുടെയടക്കം അഭിപ്രായം. പാകിസ്ഥാനിൽ നിന്ന് കഴിഞ്ഞയാഴ്ച ആരംഭിക്കേണ്ട പരമ്പരയിൽ നിന്നും ന്യൂസിലാൻഡ് ടീം പിന്മാറിയതും തൊട്ടുപിറകേ ഇംഗ്ളണ്ടിന്റെ പുരുഷ വനിതാ ടീമുകളുടെ പരമ്പര റദ്ദ് ചെയ്തതും പാകിസ്ഥാൻ ക്രിക്കറ്റിനെ വല്ലാതെ ബാധിച്ചിരുന്നു. മറുവശത്ത് ഇന്ത്യ നടത്തുന്ന ഐ പി എല്ലിൽ കളിക്കാൻ ക്രിക്കറ്റർമാർ തയ്യാറാകുന്നതും പാകിസ്ഥാൻ ആരാധകരെ ചൊടിപ്പിച്ചിരുന്നു.എന്നാൽ പാകിസ്ഥാന് നൽകാൻ കഴിയാത്ത സുരക്ഷിതത്വം ഇന്ത്യക്ക് നൽകാൻ കഴിയുന്നുണ്ടെന്നും തുടർച്ചയായി ഇന്ത്യ മത്സരങ്ങൾ സംഘടിപ്പിക്കുമ്പോൾ പാകിസ്ഥാനിൽ ആരും കളിക്കാൻ തയ്യാറാകാത്തതിനുള്ള കാരണവും അതാണെന്ന് ഖവാജ വ്യക്തമാക്കി.പാകിസ്ഥാനിൽ ജനിച്ച് ഓസ്ട്രേലിയയിൽ വളർന്ന കായികതാരമാണ് ഖവാജ. ഖവാജയ്ക്ക് അഞ്ച് വയസുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ കുടുംബം പാകിസ്ഥാനിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നത്.