മുടിവെട്ടിയത് അൽപം പിഴച്ചു; രണ്ട് കോടിയുടെ പിഴ ശിക്ഷ ലഭിച്ച ഞെട്ടലിൽ ആഡംബര ഹോട്ടൽ അധികൃതർ
ന്യൂഡൽഹി: മോഡലിന് തലമുടി വെട്ടിക്കൊടുത്തതിൽ വന്ന പാളിച്ച മൂലമുണ്ടായ നഷ്ടം നികത്താൻ ആഡംബര ഹോട്ടലിന് കോടികളുടെ പിഴ ശിക്ഷ. ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് ഹോട്ടലിന് രണ്ട് കോടി രൂപയുടെ പിഴ ശിക്ഷ വിധിച്ചത്. സംഭവം ഇങ്ങനെ. ഇന്റർവ്യൂവിന് ഹാജരാകാൻ വൃത്തിയുളള ഹെയർസ്റ്റൈലിന് വേണ്ടി ആഡംബര ഹോട്ടലിലെ സലൂണിലെത്തിയ മോഡലായ യുവതിയ്ക്ക് തലമുടി അവർ ആവശ്യപ്പെട്ടതിൽ നിന്ന് വിഭിന്നമായി കൂടുതൽ വെട്ടി. ഇതുകാരണം യുവതിയ്ക്ക് സ്വന്തം ജീവിതമാർഗം തന്നെ അടഞ്ഞു.മാനസികമായി വളരെയധികം ബുദ്ധിമുട്ടിലായി മാറി.ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ആർ.കെ അഗർവാൾ, അംഗം ഡോ.എസ്.എം കാന്തികർ എന്നിവരാണ് ഹോട്ടലിന് പിഴശിക്ഷ വിധിച്ചത്. മോഡലായി ജോലി നോക്കുന്നതിനാൽ തലമുടി വളരെ ശ്രദ്ധാപൂർവമാണ് യുവതി പരിപാലിച്ചിരുന്നത്. നീണ്ട തലമുടിയുണ്ടായിരുന്നതിനാൽ തലമുടിയ്ക്ക് പോഷണം നൽകുന്ന വസ്തുക്കളുടെ പരസ്യങ്ങളിൽ യുവതി അഭിനയിച്ചിരുന്നു. ഹെയർഡ്രസിംഗിനായി ഹോട്ടലിലെ സലൂണിൽ സ്ഥിരമായി യുവതി വന്നിരുന്നു. യുവതിയ്ക്ക് ഹെയർ ഡ്രസിംഗ് നടത്തിയിരുന്നയാൾ അന്ന് അവിടെയുണ്ടായിരുന്നില്ല. പകരം ജോലി നോക്കുന്നയാൾ പരാതിക്കാരിയുടെ നീണ്ട തലമുടി ഏതാണ്ട് മുഴുവനായി വെട്ടി.തുടർന്ന് സലൂൺ മാനേജർക്ക് പരാതിനൽകിയെങ്കിലും ഹെയർഡ്രസർക്കെതിരെ നടപടിയൊന്നും എടുത്തില്ല. ഇത് ചോദ്യം ചെയ്ത മോഡലിനെതിരെ അപമര്യാദയായി പെരുമാറി. തുടർന്നാണ് പരാതി ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലെത്തിയത്. യുവതിയ്ക്ക് ജോലി ചെയ്യാൻ പോലും കഴിയാത്തത്ര മാനസികാഘാതം ഉണ്ടായെന്ന് കണ്ടെത്തിയ കമ്മീഷൻ രണ്ട് കോടിയുടെ പിഴ വിധിക്കുകയായിരുന്നു.