കേയ്ക്ക് ഉണ്ടാക്കിയും കുട്ടികൾ കാണാതെ കൂലിപ്പണിയെടുത്തുമാണ് സാറെ ഞങ്ങൾ ജീവിക്കുന്നത്
ഒഴിഞ്ഞ മൺകലവും ഇലയുമായി അധ്യാപകരുടെ പട്ടിണിസമരം
കാഞ്ഞങ്ങാട്: കേയ്ക്ക് ഉണ്ടാക്കിയും കുട്ടികൾ കാണാതെ കൂലിപ്പണിയെടുത്തുമാണ് സാറെ ഞങ്ങൾ ജീവിക്കുന്നത്. ആറ് വർഷമായി അധ്യാപന ജോലി ചെയ്തിട്ടും ഒരു രൂപ പോലും ശമ്പളം ലഭിച്ചിട്ടില്ല.
നിയമനാംഗീകാരം ലഭിക്കാത്തതുമൂലം ദുരിതമനുഭവിക്കുന്ന അധ്യാപകർ കെ.പി.എസ്.ടി.എ.കാസറഗോഡ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഡി.ഇ.ഒ.ഓഫീസിനു മുന്നിൽ നടത്തിയ പ്രതീകാത്മക പട്ടിണി സമരമാണ് അധ്യാപകരുടെ ദുരനുഭവങ്ങളുടെ സാക്ഷ്യപ്പെടുത്തലായി മാറിയത്. മുമ്പിൽ സദ്യക്കുള്ള ഒഴിഞ്ഞ ഇലയും മൺകലവുമായാണ് അധ്യാപകർ സമരം നടത്തിയത്.സപ്തമ്പർ 24 ന് മുമ്പ് അധ്യാപക നിയമനങ്ങൾ അംഗീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശമുണ്ട്. എന്നാൽ കാഞ്ഞങ്ങാട് ഡി.ഇ.ഒ.ഓഫീസിനു കീഴിലുള്ള 70 ഓളം നിയമനങ്ങളാണ് യാതൊരു കാരണവുമില്ലാതെ തടഞ്ഞുവച്ചിരിക്കുന്നത്.ഇതിനെതിരെയാണ് കെ.പി.എസ്.ടി.എ.പട്ടിണിസമരം നടത്തിയത്.
ഡി.സി.സി.പ്രസിഡൻ്റ് പി.കെ.ഫൈസൽ
ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് ജി.കെ.ഗിരീഷ് അധ്യക്ഷനായിരുന്നു.
സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ പി.ശശിധരൻ, എ.വി.ഗിരീശൻ ജില്ലാ സെക്രട്ടറി പി.എസ്.സന്തോഷ് കുമാർ,സംസ്ഥാന സമിതി അംഗങ്ങളായ കെ.ശ്രീനിവാസൻ ‘ എ.ദാമോദരൻ കെ.പി.രമേശൻ,അലോഷ്യസ് ജോർജ്, കെ.സി.സെബാസ്റ്റ്യൻ ബിജു അഗസ്റ്റിൻ ,ടി.എസ്.ജോസ്.എന്നിവർ പ്രസംഗിച്ചു.