വിവാഹ വാഗ്ദാനം നല്കി നിരവധി സ്ത്രീകളില്‍നിന്നും കോടികള്‍ തട്ടിയയാള്‍ പിടിയില്‍
പുണെ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്കി കോടികള്‍ തട്ടിയ ചെന്നൈ സ്വദേശി പിടിയിലായി. 32കാരനായ പ്രേംരാജ് തേവരാജ് എന്നയാള്‍ പുണെയിലാണ് പിടിയിലായത്.
മാട്രിമോണിയല്‍ വെബ്സൈറ്റിലൂടെ പങ്കാളിയെ തേടുന്നവരെയാണ് ഇയാള്‍ ലക്ഷ്യമിട്ടത്. ഇത്തരത്തില്‍ 30 കഴിഞ്ഞ ഉന്നത വിദ്യാഭ്യാസമുള്ള പ്രൊഫഷണലുകള്‍, വിവാഹ മോചിതരായ സ്ത്രീകള്‍, വ്യവസായ സ്ഥാപന ഉടമകള്‍, വിധവകള്‍ എന്നിവരെല്ലാം ഇയാളുടെ തട്ടിപ്പിന് ഇരയായെന്ന് പിംപ്രി ചിഞ്ച് വാദ് പൊലീസ് കമ്മീഷ്ണര്‍ കൃഷ്ണ പ്രകാശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം തന്റെ ബിസിനസ് നഷ്ടത്തിലാണെന്ന് പറഞ്ഞാണ് പണം വാങ്ങിയിരുന്നത്. ഇയാളുടെ ചതിയില്‍ 98 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ചെന്നൈയില്‍ സ്ത്രീ പരാതി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍നിന്നും രാജ്യത്താകമാനം 50 ഓളം സ്ത്രീകള്‍ തട്ടിപ്പിന് ഇരയായെന്നാണ് പൊലീസ് കണ്ടെത്തിയത്. എന്നാല്‍, പലരും പരാതിയുമായി മുന്നോട്ട് വന്നിട്ടില്ല.