മണൽ മാഫിയക്കെതിരെ ശക്തമായ നടപടിയുമായി കാസർകോട് ഡി.വൈ.എസ്.പി ബാലകൃഷ്ണൻ നായർ
കുമ്പള: മണൽമാഫിയക്കെതിരെ ശക്തമായ നടപടിയുമായി ഡി.വൈ.എസ്.പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം.കഴിഞ്ഞ ദിവസം ആരിക്കാടി പി.കെ. നഗറിൽ നിന്നും വൻ മണൽ ശേഖരമാണ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്. തുടർന്ന് മണലുകൾ പുഴയിലേക്ക് നിക്ഷേപിക്കുകയുമായിരുന്നു. ആരിക്കാടി പി.കെ. നഗറിനു പുറമേ ബന്തിയോട് മുട്ടത്ത് നിന്നും മണൽ പിടിച്ചെടുത്തിരുന്നു.പ്രദേശത്ത് തഴച്ചുവളരുന്ന മണൽ മാഫിയക്കെതിരെ ശക്തമായ നടപടി കൈക്കൊണ്ടതിൻ്റെ ഭാഗമായാണ് വ്യാപകമായി മണൽ പിടിച്ചെത്തത്.ഈ പ്രദേശങ്ങളിൽ മണൽ മാഫിയകളുടെ പ്രവർത്തനം സാമൂഹിക വിപത്തായി മാറിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഡി.വൈ.എസ്.പി ബാലകൃഷ്ണൻ നായർ, കുമ്പള സി.ഐ പ്രമോദ്, എസ്.ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് മണൽ ശേഖരം പിടികൂടി നശിപ്പിച്ചത്. തഴച്ചുവളരുന്ന മണൽ മാഫിയകളെ അമർച്ച ചെയ്യുമെന്ന് ഡി.വൈ.എസ്.പി ബാലകൃഷ്ണൻ നായർ അറിയിച്ചു.