ഐ.പി.എല്ലിനെ കുലുക്കി വീണ്ടും കോവിഡ്; ടി.നടരാജന് പോസിറ്റീവ്, ആറു പേര് ഐസലേഷനില്ഇന്നത്തെ മത്സരം ആശങ്കയില്‍
ദുബായ്: ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിന്റെ രണ്ടാം ഘട്ട മത്സരങ്ങൾ യുഎഇയിൽ പുരോഗമിക്കുന്നതിനിടെ, ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത് സൺറൈസേഴ്സ് ഹൈദരാബാദ്. ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടുന്നതിനു മുൻപായി താരങ്ങൾക്ക് നടത്തിയ കോവിഡ് പരിശോധനയിൽ സൺറൈസേഴ്സിന്റെ തമിഴ്നാട് താരം ടി.നടരാജന്റെ ഫലം പോസിറ്റീവായി.താരത്തിന് കോവിഡ് സ്ഥിരീകരിച്ചെങ്കിലും മത്സരം മുൻനിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ഐപിഎൽ അധികൃതർ അറിയിച്ചു. രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. നടരാജന് കോവിഡ് ലക്ഷണങ്ങളില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, കോവിഡ് സ്ഥിരീകരിച്ചതോടെ താരം ഐസലേഷനിലേക്കു മാറി. നടരാജനുമായി അടുത്ത് ഇടപഴകിയ ആറു പേരേക്കൂടി ഐസലേഷനിലേക്കു മാറ്റിയിട്ടുണ്ട്.സൺറൈസേഴ്സ് ഹൈദരാബാദ് പുറത്തുവിട്ട വിവരമനുസരിച്ച് വിജയ് ശങ്കർ, ടീം മാനേജർ വിജയ് കുമാർ, ഫിസിയോ ശ്യാം സുന്ദർ, ഡോക്ടർ അഞ്ജന വന്നൻ, ലൊജിസ്റ്റിക് മാനേജർ തുഷാർ ഖേഡ്കർ, നെറ്റ് ബോളർ പെരിയസാമി ഗണേശൻ എന്നിവരാണ് നടരാജനുമായുള്ള അടുത്ത സമ്പർക്കം നിമിത്തം ഐസലേഷനിൽ പ്രവേശിച്ചത്.നടരാജനു പുറമേ ടീമിലെ മറ്റു താരങ്ങളെയും ഐസലേഷനിലേക്കു മാറ്റിയ ആറു പേരേയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും ഫലം നെഗറ്റീവാണെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. ഇതുവരെ 24 ഐപിഎൽ മത്സരങ്ങൾ കളിച്ച മുപ്പതുകാരനായ നടരാജൻ 20 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്