പച്ചക്ക് വർഗീയത പറഞ്ഞവർക്കെതിരെ നടപടിയെടുക്കുന്നില്ലെങ്കിൽ പിന്നെന്തിനാണ് പൊലീസ് -വി.ഡി സതീശൻ
കൊച്ചി: സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാച പ്രചാരണം അവസാനിപ്പിക്കാൻ പൊലീസ് നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പച്ചവെള്ളത്തിന് തീപിടിക്കുന്ന വർത്തമാനം സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളിലൂടെ നടത്തിയിട്ടും ഒരാൾ പോലും അറസ്റ്റിലായിട്ടില്ലെന്ന് സതീശൻ ആരോപിച്ചു. പച്ചക്ക് വർഗീയത പറഞ്ഞിട്ടും നടപടിയെടുക്കുന്നില്ലെങ്കിൽ പിന്നെന്തിനാണ് പൊലീസെന്നും സതീശൻ ചോദിച്ചു.
സാമുദായിക ധ്രുവീകരണം നിർത്താനായി സർവമതയോഗം, സർവ കക്ഷിയോഗം എന്നിവ വിളിക്കാൻ പറഞ്ഞിട്ട് ആവശ്യമില്ലെന്ന നിലപാടാണ് സർക്കാറിന്. ഞങ്ങൾ വർഗീയതക്ക് എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ആണ്. അതാര് ചെയ്താലും തെറ്റാണ്. രാഷ്്ട്രീയ ലാഭത്തിന് വേണ്ടി ഒരു ശ്രമവുമില്ല. മുഖ്യമന്ത്രിക്ക് പ്രസ്താവന മാത്രമേയുള്ളൂ. പ്രസ്താവന നടത്താൻ വേണ്ടിയല്ലല്ലോ, പ്രവർത്തിക്കാൻ വേണ്ടിയല്ലേ മുഖ്യമന്ത്രിയായിരിക്കുന്നത്. ഈ വർഗീയ സംഘർഷം ഉണ്ടാകുേമ്പാൾ പരിഹരിക്കാൻ എന്ത് നടപടിയെടുത്തു. അനങ്ങാപ്പാറ നയമാണ് മുഖ്യമന്ത്രിക്ക്. സംഘ്പരിവാർ ഈ വിഷയത്തിൽ മുതലെടുപ്പ് നടത്തുേമ്പാൾ അറിഞ്ഞോ അറിയാതെയോ നീണ്ടുപോകട്ടെ എന്ന സമീപനമാണ് സർക്കാരും സി.പി.എമ്മും സ്വീകരിക്കുന്നത്.
വാസവൻ പറഞ്ഞത് ഈ അധ്യായം അടഞ്ഞെന്നാണ്. അങ്ങനെയെങ്കിൽ പിന്നെന്തിനാണ് ഇന്നലെ മുഖ്യമന്ത്രി വിഷയം വീണ്ടും തുറന്നത്. സർക്കാറിനും സി.പി.എമ്മിനും കള്ളക്കളിയുണ്ട്. കേരളത്തെ രക്ഷിക്കാൻ ഒരു മേശക്ക് മുമ്പിൽ ഈ വിഷയം ചർച്ച നടത്തണം. വർഗീയ പരാമർശം ആര് നടത്തിയാലും മുഖം നോക്കാതെ ചോദ്യം ചെയ്യും. ഞങ്ങൾക്ക് ഈ വിഷയം അവസാനിച്ചാൽ മാത്രം മതി -സതീശൻ പറഞ്ഞു.