കിറ്റ് നിര്‍ത്തലാക്കില്ല; മുന്‍ഗണനാ വിഭാഗത്തിന് മാത്രമാക്കാനുള്ള നിര്‍ദേശം പരിഗണനയിലെന്ന്
മന്ത്രി ജി.ആര് അനില്‍
തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര് അനില്‍. മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് മാത്രം കിറ്റ് നല്കിയാല് മതിയെന്ന നിര്‍ദേശം പരിഗണിക്കുന്നുണ്ട്. ഇതുവരെ കിറ്റ് വിതരണം ചെയ്തതില്‍ സാമ്പത്തിക ബാധ്യത ഉണ്ടെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക ബാധ്യത അടക്കമുള്ളവ കണക്കിലെടുത്തുകൊണ്ട് ആവശ്യമായ തീരുമാനങ്ങളെടുക്കും. സര്‍ക്കാര്‍ എല്ലാ ജനങ്ങളേയും ഒരുപോലെ കണ്ടുകൊണ്ടാണ് കോവിഡിന്റെ അന്തരീക്ഷത്തില്‍ പട്ടിണി ഒഴിവാക്കാനായി കിറ്റ് വിതരണം ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമായിരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം സര്‍ക്കാര്‍ അവസാനിപ്പിച്ചതായുള്ള വിവരം പുറത്തുവന്നിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അവസാനിച്ചതിനാലും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലും ഇനിയും കിറ്റ് നല്‍കുന്നത് ബുദ്ധിമുട്ടാകുമെന്ന് ധനവകുപ്പ് ഭക്ഷ്യവകുപ്പിനെ അറിയിച്ചിരുന്നു.
2020 ഏപ്രില്‍ – മെയ് മാസങ്ങളിലാണ് സൗജന്യ കിറ്റ് നല്കിത്തുടങ്ങിയത്. സാര്‍വത്രിക ഭക്ഷ്യക്കിറ്റ് വിതരണം വലിയ ശ്രദ്ധ നേടി. ഉയര്‍ന്ന വരുമാനക്കാര്‍ ഉള്‍പ്പെടെ കിറ്റ് വാങ്ങിയിരുന്നു. തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് ഇതു സഹായിക്കുകയും ചെയ്തു. അന്നുമുതല്‍ ഓണക്കാലംവരെ 13 തവണയാണ് കിറ്റ് വിതരണം ചെയ്തത്. ഏതാണ്ട് 11 കോടി കിറ്റുകള്‍ നല്കി. മാസം ശരാശരി 350-400 കോടി രൂപയാണ് ചെലവിട്ടത്. 11 കോടി കിറ്റുകള്‍ക്കായി 5200 കോടി രൂപ ചെലവിട്ടു.