ഗര്‍ഭിണിയായ കിര്ഗിസ്താന് യുവതിയും കുഞ്ഞും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍
ഗര്‍ഭിണിയായ കിർഗിസ്താൻ യുവതിയെയും മകനെയും ഡല്‍ഹിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൽക്കാജിയിലെ സുഹൃത്തിന്റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. 28കാരിയായ മിസ്കൽ സുമാബേവയും ഒരു വയസ്സുള്ള മകൻ മാനസുമാണ് കൊല്ലപ്പെട്ടത്. നെഞ്ചിലും ശരീരഭാഗങ്ങളിലും കുത്തേറ്റാണ് മരിച്ചത്. യുവതി അഞ്ച് മാസം ഗർഭിണിയായിരുന്നു. ഭർത്താവ് വിനയ് ചൗഹാനൊപ്പം ഗ്രേറ്റർ കൈലാസിലാണ് താമസിച്ചിരുന്നത്. രണ്ട് വർഷം മുന്‍പായിരുന്നു വിവാഹം. വിനയ് ചൗഹാന് ഗസ്റ്റ് ഹൗസുകളുടെ നടത്തിപ്പായിരുന്നു ജോലി. കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ആരാണ് കൊലയാളിയെന്നോ കാരണം എന്തെന്നോ വ്യക്തമായിട്ടില്ല. യുവതിയുടെയും കുഞ്ഞിന്റെയും കൊലപാതകം സംബന്ധിച്ച് ഒരു കോള്‍ ലഭിക്കുകയായിരുന്നുവെന്ന് ഡല്‍ഹി സൌത്ത് ഈസ്റ്റ് ഡിസിപി ആര് പി മീണ പറഞ്ഞു. പോയിനോക്കിയപ്പോള്‍ വീട്ടിലെ കിടപ്പുമുറിയിലാണ് മുറിവേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ക്രൈം, ഫോറൻസിക് സംഘങ്ങള്‍ സ്ഥലത്തെത്തി.
ആശുപത്രിയിൽ പോകുന്നത് സംബന്ധിച്ച് തിങ്കളാഴ്ച രാത്രി മിസ്കലും ഭർത്താവും തമ്മില്‍ വഴക്കുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വയറുവേദനിക്കുന്നുവെന്നും ആശുപത്രിയില്‍ പോകണമെന്നും യുവതി പറഞ്ഞു. എന്നാല്‍ വിനയ് ചൗഹാൻ ഭാര്യയെ വീട്ടിൽ തനിച്ചാക്കി സുഹൃത്തിനെ കാണാന്‍ പോയി. തുടര്‍ന്ന് മിസ്കല്‍ സുഹൃത്ത് മത്ലൂബ മധുസ്മോനോവയെ വിളിച്ചു. മത്ലൂബ അവിനീഷ് എന്ന സുഹൃത്തിനൊപ്പം മിസ്കലിനെ ആശുപത്രിയില്‍ കൊണ്ടുപോയി. മത്ലൂബ ഉസ്ബെക് സ്വദേശിയാണ്. ആശുപത്രിയില്‍ നിന്നും മത്ലൂബ മിസ്കലിനെയും കുഞ്ഞിനെയും കൽക്കാജിയിലെ വസതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ മത്ലൂബയുടെ സുഹൃത്തുക്കളുമുണ്ടായിരുന്നു. അവിടെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അന്ന് രാത്രി യുവതി ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചതായി കണ്ടെത്തി. വീടിനകത്ത് സിസിടിവി ക്യാമറ ഇല്ല. കെട്ടിടത്തിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയില്‍ പുറത്തുള്ള ആരും പ്രവേശിച്ചതായി കണ്ടെത്താനായില്ല. എല്ലാ വശങ്ങളും പരിശോധിക്കുമെന്നും കൊലയാളിയെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.