കാഞ്ഞങ്ങാട്തൃക്കരിപ്പൂര് 32 കിലോമീറ്റര്‍ മലയോര ഹൈവേ ഉടന്‍ പൂര്‍ത്തിയാകും
തൃക്കരിപ്പൂർ : കാഞ്ഞങ്ങാട് തൃക്കരിപ്പൂർ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 32 കിലോമീറ്റർ മലയോര ഹൈവേ കോളിച്ചാൽ ചെറുപുഴ റീച്ച് ഉടൻ പൂർത്തിയാകുമെന്ന് എം.എൽ.എ എം.രാജഗോപാലൻ ഫെയ്സ് ബുക്ക് പോസ്റ്റിൽ കുറിച്ചു. ഈ ഭാഗത്തെ പ്രധാന പ്രവർത്തികളൊക്കെ ടെൻഡർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയ്തിട്ടുണ്ട്. 82 കോടി രൂപയുടെ അടങ്കൽ ഉള്ള ഈ പ്രവർത്തിയിൽ 32 കിലോമീറ്റർ ഭാഗം റോഡ് പുനരുദ്ധരിക്കാൻ ഉള്ളതാണ് പദ്ധതി. 3 കിലോമീറ്ററോളം വരുന്ന ഫോറസ്റ്റ് ഭാഗം ഈ റോഡിൽ ഉള്ളതിനാൽ ഫോറസ്റ്റ് അധികൃതരുടെ അനുമതി ലഭ്യമാക്കാൻ വൈകിയത് മൂലമാണ് പ്രവർത്തി പൂർത്തീകരിക്കാൻ കഴിയാതെ വന്നത്.
ഈ പ്രശ്ന പരിഹാരത്തിനായി എം എൽ എ നിരവധി തവണ കെ.ആർ.എഫ്.ബി, കിഫ്ബി, ഫോറസ്റ്റ് അധികൃതരെ ബന്ധപ്പെട്ടിരുന്നു. ഫോറസ്റ്റ് അധികൃതർ നൽകിയ ലിസ്റ്റ് പ്രകാരം മുറിക്കുന്ന മരങ്ങൾക്കുള്ള നഷ്ടപരിഹാരം ഉൾപ്പെടെ എല്ലാ യൂട്ടിലിറ്റി ഷിഫ്റ്റുകൾ ക്കും ആവശ്യമായ തുക വർധിപ്പിച്ചു നൽകാൻ കിഫ്ബി ഉത്തരവിറക്കി.
നിലവിലുള്ള 82 കോടി എസ്റ്റിമേറ്റ് തുകയ്ക്ക് പുറമേ 7 കോടി രൂപ കൂടി വർദ്ധിപ്പിച്ച് 89 കോടി രൂപയ്ക്കുള്ള അനുമതിയാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. ഇതോടെ മലയോര ഹൈവേയുടെ കോളിച്ചാൽ ചെറുപുഴ റീച്ചിന്റെ അവശേഷിക്കുന്ന പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയും.