നീലചിത്ര നിര്‍മാണ കേസ്; രണ്ടുമാസത്തെ ജയില്‍ വാസത്തിന് ശേഷം രാജ് കുന്ദ്ര പുറത്തിറങ്ങി
മുംബൈ: നീലചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലായി രണ്ടുമാസങ്ങള്‍ക്ക് ശേഷം ചലച്ചിത്ര നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര ജയിലില്‍ നിന്ന് പുറത്തിറങ്ങി. ചൊവ്വാഴ്ച രാവിലെ 11.30നാണ് കുന്ദ്ര ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് പുറത്തെത്തിയത്.
തിങ്കളാഴ്ചയാണ് മുംബൈയിലെ കോടതി കുന്ദ്രക്ക് ജാമ്യം അനുവദിച്ചത്. അരലക്ഷം രൂപ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ കെട്ടിവെച്ചാണ് ജാമ്യത്തിലിറങ്ങിയത്. കുന്ദ്രയുടെ വിതരണ കമ്ബനിയുടെ ഐ.ടി വിഭാഗം മേധാവി റയാന് തോര്‍പെക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.
മുംബൈ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസമാണ് കുന്ദ്ര ജാമ്യഹരജി ഫയല്‍ ചെയ്തത്. വ്യക്തമായ തെളിവുകളില്ലാതെ കേസില്‍ തന്നെ ബലിയാടാക്കുകയാണെന്നും മുംബൈ പൊലീസ് തനിക്കെതിരായ അന്വേഷണം പ്രായോഗികമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഹരജി അപേക്ഷയില്‍ പറഞ്ഞിരുന്നു.
കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രക്കും മറ്റു മൂന്നുപേര്‍ക്കുമെതിരെ ക്രൈം ബ്രാഞ്ച് ഉപകുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നീലചിത്രം നിര്‍മിച്ച് മൊബൈല്‍ ആപ്ലിക്കേഷനുകളായ ഹോട്ട്ഷോട്ട്, ബോളിഫെയിം എന്നിവയിലൂടെ വിതരണം ചെയ്തുവെന്നുമാണ് ഇവര്‍ക്കെതിരായ കേസ്.
ആദ്യ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട ഒമ്ബതുപേരില്‍ എട്ടുപേര്‍ക്കും ജാമ്യം ലഭിച്ചതായും തുല്യതയുടെ അടിസ്ഥാനത്തില്‍ തനിക്കും ജാമ്യം ലഭിക്കണമെന്നും കുന്ദ്ര ആവശ്യപ്പെട്ടിരുന്നു. ആദ്യകുറ്റപത്രത്തില്‍ ഹോട്ട്ഷോട്ടുമായുള്ള തന്റെ ബന്ധം വിവരിക്കുന്ന തെളിവുകള്‍ ഒരംശം പോലുമില്ലെന്നും ഹരജിയില്‍ പറയുന്നു. കൂടാതെ മതിയായ തെളിവുകളില്ലാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും പ്രചോദിത അന്വേഷണമാണ് നടക്കുന്നതെന്നും അതില്‍ അനുബന്ധ കുറ്റപത്രം ഫയല്‍ ചെയ്തതായും പറയുന്നു.
2021 ഫെബ്രുവരിയിലാണ് നീലചിത്ര നിര്‍മാണ കേസ് പുറത്തുവരുന്നത്. മുംബൈ ക്രൈം ബ്രാഞ്ച് മധ് പ്രദേശത്തെ ബംഗ്ലാവില്‍ നടത്തിയ പരിശോധനയിലൂടെയാണ് രാജ് കുന്ദ്രയുടെയും കൂട്ടാളികളുടെയും പങ്ക് വെളിപ്പെടുന്നത്. അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുകയും അവ സമൂഹമാധ്യമങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കേസില്‍ ജൂലൈ 19നാണ് രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.