നാട് വിറപ്പിച്ച് കാട്ടാനക്കൂട്ടം , ഐ.ഐ.ടി. കാമ്പസിന്റെ മതിലും തകര്‍ത്തു, കൂടെ സ്ഥിരം ശല്യക്കാരനായ ചുരുളിക്കൊമ്പനും
പാലക്കാട് : നാട് വിറപ്പിച്ച് വന്കാട്ടാനക്കൂട്ടം ജനവാസ മേഖലയില്‍. കഞ്ചിക്കോട് ഐ.ഐ.ടിക്ക് സമീപമാണ് കുട്ടികള്‍ ഉള്‍പ്പെടെ 17 അംഗ കാട്ടാനക്കൂട്ടമെത്തിയത്. ഇത്രയധികം ആനകള്‍ ഒന്നിച്ച് ജനവാസമേഖലയില്‍ എത്തുന്നത് ആദ്യമാണ്. മാസങ്ങളായി കഞ്ചിക്കോട് വനാതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരുന്ന കാട്ടാനക്കൂട്ടം തിങ്കളാഴ്ച പുലര്‍ച്ചയോടെ ഐ.ഐ.ടി. കാമ്പസിന്റെ ചുറ്റുമതില്‍ തകര്‍ത്ത് അകത്തുകടക്കുകയായിരുന്നു.
അയ്യപ്പന്മലയില് നിന്നെത്തിയ ആനക്കൂട്ടം ആദ്യം നിള കാമ്പസിലേക്കാണു കടന്നത്. തുടര്‍ന്ന് ജനവാസ മേഖലയായ മുക്രോണി, തലപ്പള്ളം എന്നീ പ്രദേശത്തെത്തിയതോടെ പ്രദേശവാസികള്‍ പരിഭ്രാന്തരായി. മേഖലയില്‍ സ്ഥിരം ശല്യക്കാരനായ ചുരുളിക്കൊമ്പനും കൂട്ടത്തിലുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
ഒന്നരമണിക്കൂര്‍ പ്രദേശത്ത് നിലയുറപ്പിച്ച ആനക്കൂട്ടത്തെ വാളയാര്‍ റേഞ്ച് ഓഫീസര്‍ പി. സുരേഷിന്റെ നേതൃത്വത്തില്‍ പുതുശേരി സൗത്ത് സെക്ഷന്‍ കീഴിലെ ഇരുപതോളം വനപാലകരും ചേര്‍ന്ന് മണിക്കൂറുകളോളം പരിശ്രമിച്ചാണ് ഉള്‍വനത്തിലേക്ക് കയറ്റിയത്.