കൊടുവാള് കൊണ്ട് വെട്ടാന്‍ ശ്രമിച്ചമകനെഅച്ഛന് മരവടി കൊണ്ട് അടിച്ചു; മകന് മരിച്ചു
പാലക്കാട്: ചിറ്റിലഞ്ചേരിയില്‍ അച്ഛന്റെ അടിയേറ്റ് മകന് മരിച്ചു. പാട്ട ബാലന്റെ മകന് രതീഷ് (39) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് എംഎന്‍കെഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്ന രതീഷ് ഇന്നലെയാണ് നെഗറ്റീവ് ആയി വീട്ടിലെത്തിയത്. പോസിറ്റീവായിരിക്കെ തന്നെ സ്കൂളില്‍നിന്നും കഴിഞ്ഞ ദിവസം രതീഷ് വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍ വീട്ടിലേക്ക് കയറാന്‍ അച്ഛന് സമ്മതിച്ചില്ല.
തുടര്‍ന്ന് വീടിനു സമീപത്തെ ആള് താമസമില്ലാത്ത മറ്റൊരു വീട്ടില്‍ താമസിക്കുകയായിരുന്നു. ഇന്നലെ വീട്ടിലെത്തിയ രതീഷ് അച്ഛന് ബാലനുമായി ലഹളയിലേര്‍പ്പെട്ടു. കൊടുവാള് കൊണ്ട് അച്ഛനെ വെട്ടാന്‍ ശ്രമിക്കുന്നതിനിടെ അച്ഛന് മരവടി കൊണ്ട് രതീഷിനെ അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പരുക്കേറ്റ രതീഷിനെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അച്ഛന് ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.