11 കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ സൗജന്യമായി ഭൂമി നല്കി കൊടക്കാട്ടെ പി ബദറുദ്ദീന്‍ മാതൃകയായി
തൃക്കരിപ്പൂര്‍: കൊടക്കാട് വെള്ളച്ചാലിലെ പ്രവാസിയായ പി ബദറുദീന്‍ സ്വന്തം ഭൂമിയില്‍ നിന്ന് അഞ്ച് സെന്റ് വീതം 11 കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്കി നാടിന് മാതൃകയായി.
എം രാജഗോപാലന്‍ എംഎല്‍എ ഭൂമിയുടെ രേഖ കൈമാറി.പതിനൊന്നു പേരില്‍ വിധവകള്‍, രോഗബാധിതര്‍, ചെറ്റക്കുടിലില്‍ കഴിയുന്നവര്‍ അടക്കമുള്ളവരുണ്ട്. ഒരോ വീട്ടിലേക്കും ബന്ധിപ്പിക്കുന്ന റോഡിനായി 10 സെന്റും നല്കി.പിലിക്കോട് പഞ്ചായത്തിലെ എട്ട് കുടുംബങ്ങള്‍ക്കും നീലേശ്വരം, ചെറുവത്തൂര്‍, വെള്ളൂര്‍ പ്രദേശത്തെ ഒരോ കുടുംബത്തിനുമാണ് ഭൂമി ലഭിച്ചത്.പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്ന അധ്യക്ഷയായി. സിപിഐ എം തൃക്കരിപ്പൂര്‍ ഏരിയാ സെക്രട്ടറി ഇ കുഞ്ഞിരാമന്, പി പി സുകുമാരന്‍, ഇബ്രാഹിം കുട്ടി സഅദി, വി കെ നാസര്‍ എന്നിവര്‍ സംസാരിച്ചു. പുന്നക്കോടന്‍ ചന്ദ്രന് സ്വാഗതവും ഇ പത്മനാഭന് നന്ദിയും പറഞ്ഞു.