സെല്‍ഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ കാല്‍വഴുതി വീണ് സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥന് മരിച്ചു
തിരുവനന്തപുരം: സെൽഫിയെടുക്കുന്നതിനിടെ നെയ്യാർ മീൻമുട്ടി വെള്ളച്ചാട്ടത്തിൽ കാൽവഴുതിവീണ് സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥൻ മരിച്ചു. പോത്തൻകോട് ശാന്തിഗിരി നേതാജിപുരം പഴിച്ചൻകോട് ഹൃദയ കുഞ്ജത്തിൽ ഹരികുമാർ കരുണാകരനാണ് മരിച്ചത്.
സുഹൃത്തുക്കളുമൊത്തു മീൻമുട്ടി സന്ദർശനത്തിനെത്തിയ ഹരികുമാർ സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി പത്തടിയിലധികം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഹരികുമാർ താഴേക്ക് പതിച്ച ഉടനെ ഒപ്പം ഉണ്ടായിരുന്ന വനം വകുപ്പ് വാച്ചർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡിഎഫ്ഒയുടെ സുഹൃത്തുക്കളായ അഞ്ചുപേർ കോട്ടൂർ വഴിയാണ് മീൻമുട്ടിയിൽ എത്തിയത് . മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രയിലേക്ക് മാറ്റി.