ലോട്ടറി വില്പനക്കാരന്റെ അന്ധത മുതലാക്കി യുവാവ്; നമ്പര്‍ നോക്കാനായി വാങ്ങി, തിരികെ നല്‍കിയത് പഴയ ടിക്കറ്റ്
പാലക്കാട് :പാലക്കാട് പത്തിരിപ്പാലയില്‍ അന്ധനായ ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ചു ലോട്ടറി തട്ടിയെടുത്തു. കോങ്ങാട് സ്വദേശിയായ അനില്‍കുമാറിനാണ് ദുരവസ്ഥ ഉണ്ടായത്. ദിവസവും ഇരുപത് കിലോമീറ്ററോളം നടന്നാണ് അനില്‍കുമാര്‍ അന്നന്നേക്കുള്ള വക കണ്ടെത്തുന്നത്.
അന്ധയായ ഭാര്യയുടെയും രണ്ട് മക്കളുടേയും ഏക ആശ്രയവും ഈ ലോട്ടറി വില്പനയാണ്. പക്ഷേ കഴിഞ്ഞ ദിവസമാണ് ഒരു ബൈക്ക് യാത്രികന് അനിലിനെ കബളിപ്പിച്ച് പതിനൊന്ന് ടിക്കറ്റുകള്‍ തട്ടിയെടുത്തത്. ലോട്ടറി ടിക്കറ്റിന്റെ നമ്പറുകള്‍ നോക്കാനാണെന്ന് പറഞ്ഞ് ടിക്കറ്റ് വാങ്ങിയ ശേഷം പകരം പഴയ ലോട്ടറി ടിക്കറ്റുകള്‍ നല്‍കിയായിരുന്നു തട്ടിപ്പ്.
പിന്നീടാണ് അനില്‍കുമാറിന് പറ്റിയ അബദ്ധം മനസിലായത്. അനില്‍കുമാറിനെപ്പോലെ രണ്ടായിരത്തോളം അന്ധരായ ലോട്ടറി കച്ചവടക്കാരാണ് സംസ്ഥാനത്തുള്ളത്. ഇവരില്‍ പലരും പറ്റിക്കപ്പെടുന്നത് പതിവാണ്. തന്നെ പറ്റിച്ചയാളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നാവശ്യപ്പെട്ട് കോങ്ങാട് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് അനില്‍.