രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഭിക്ഷാടന മാഫിയയില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തി; ശ്രീദേവിയെ കാണാന്‍ സുരേഷ് ഗോപി നേരിട്ടെത്തി
പാലക്കാട്: രണ്ടുപതിറ്റാണ്ടിനു ശേഷം, പണ്ട് താന്‍ ഭിക്ഷാടന മാഫിയയുടെ കയ്യില്‍ നിന്നും രക്ഷിച്ച കുരുന്നു പെണ്‍കുട്ടിയെ കാണാന്‍ സുരേഷ് ഗോപി എത്തി. പ്രസവിച്ചയുടന്‍ അമ്മ തെരുവില്‍ ഉപേക്ഷിക്കുകയും പിന്നീട് ശരീരമാസകലം പൊള്ളലുകളോടെ ആലുവയിലെ ജനസേവാ ശിശുഭവനില്‍ എത്തുകയും ചെയ്ത ശ്രീദേവിയെ തേടിയാണ് സുരേഷ് ഗോപി വീട്ടിലെത്തിയത്.
വികാര നിര്‍ഭരമായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആ കൂടിക്കാഴ്ച, താന്‍ ദൈവത്തെ പോലെ കാണുന്ന താരം തന്റെ മറ്റൊരു ബുദ്ധിമുട്ടറിഞ്ഞതും വീണ്ടും കരുതലായ്, സ്നേഹമായ് അരികിലേക്ക് എത്തി, അതിരുകള്‍ക്കുമപ്പുറം ആയിരുന്നു അവളുടെ സന്തോഷം.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സിനിമാ ചിത്രീകരണത്തിനിടെയാണ് ശ്രീദേവിയുടെ കഥ സുരേഷ് ഗോപി അറിയുന്നത്, പ്രസവിച്ച ഉടന്‍ അമ്മ തെരുവില്‍ ഉപേക്ഷിച്ചവള്‍, ശേഷം ഭിക്ഷാടന മാഫിയയുടെ കയ്യില്‍ അകപ്പെട്ടവള്‍ അന്ന് അവള്‍ക്ക് അദ്ദേഹം തണലായി, ഇന്നവള്‍ നാലരവയസ്സുകാരി ശിവാനിയുടെ അമ്മയാണ്. ചെറിയ ഫാന്‍സി സ്റ്റോര്‍ നടത്തുന്ന സതീഷിന്റെ ഭാര്യയാണ്. പാലക്കാട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിന പരിപാടികള്‍ക്കായ് തിരിച്ചപ്പോള്‍ ആരോ പറഞ്ഞു, അന്നത്തെ ആ കുട്ടി കാവശ്ശേരിയിലുണ്ട് ഉടന്‍തന്നെ തൃപ്പൂണിത്തുറയിലെ സ്വാമിയുടെ കടയില്‍ നിന്നും കുറച്ച് പലഹാരവുമായി അവള്‍ക്ക് അരികിലേക്ക് എത്തി.
ജീവിതത്തിലെ ചില പ്രശ്നങ്ങള്‍ ശ്രീദേവിയും കൂടികാഴ്ചയില്‍ ഒരു അച്ഛനോട് എന്ന പോലെ സുരേഷ് ഗോപിക്ക് മുന്പില് അവതരിപ്പിച്ചു. അവളുടെ പ്രയാസങ്ങള്‍ എല്ലാം കേട്ട സുരേഷ് ഗോപി പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തും എന്ന ഉറപ്പു നല്‍കിയാണ് മടങ്ങിയത്.